News

ദുഃഖം മാറാതെ ഇന്തോനേഷ്യന്‍ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 19-05-2018 - Saturday

ജക്കാർത്ത: ഇസ്ലാമിക രാഷ്ട്രമായ ഇന്തോനേഷ്യയിൽ അടുത്തിടെ നടന്ന ക്രൈസ്തവ നരഹത്യയുടെ ദുഃഖം മാറാതെ ക്രിസ്ത്യന്‍ സമൂഹം. മെയ് പതിമൂന്നിന് ദേവാലയ ആക്രമണത്തിൽ വധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു നൂറുകണക്കിന് വിശ്വാസികളാണ് സുരബായയില്‍ ഒത്തുചേര്‍ന്നത്. രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷയിൽ സമൂഹം ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തി. സുരബായിലെ മെത്രാന്മാരും ക്രൈസ്തവ നേതാക്കന്മാരും പ്രാദേശിക ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രാർത്ഥനയിലും ഇതര ശുശ്രൂഷകളിലും പങ്കെടുക്കുവാന്‍ എത്തിയിരിന്നു.

ഇതിനിടെ ചാവേറാക്രമണത്തിൽ മരിച്ചവരുടെ സംസ്കാര ശുശ്രൂഷകൾ മെയ് പതിനേഴിന് വിശ്വാസികളുടെ നിറസാന്നിധ്യത്തിൽ നടത്തി. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഒരു കുടുംബത്തിലെ മാതാപിതാക്കളും നാലു മക്കളും ചേർന്നു നടത്തിയ ചാവേറാക്രമണമാണ് ഇന്തോനേഷ്യയിലെ മൂന്നോളം ദേവാലയങ്ങളില്‍ നടന്നത്. അക്രമത്തില്‍ പതിമൂന്നോളം വിശ്വാസികള്‍ കൊല്ലപ്പെട്ടിരിന്നു. മൃതശരീരം ഛിന്നഭിന്നമായി ഇതുവരെ തിരിച്ചറിയാത്ത വിശ്വാസികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

അലോഷ്യസ് ബായു വർദ്ധന എന്ന കത്തോലിക്ക യുവാവ് ദേവാലയത്തിന്റെ സുരക്ഷ ചുമതല നിർവഹിക്കുന്നതിനിടയിലാണ് വധിക്കപ്പെട്ടത്. വിശ്വാസികളാൽ നിറഞ്ഞ ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ നടന്ന ചാവേറാക്രമണത്തെ തടയാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ശരീരം ബോംബാക്രമണത്തില്‍ ഛിന്നഭിന്നമാകുകയായിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡി.എൻ.എ പരിശോധനകൾക്ക് ശേഷം സംസ്കാര ശുശ്രൂഷകൾ നടത്താൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.


Related Articles »