News - 2025
വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഒക്ടോബര്‍ 14ന് വിശുദ്ധനായി പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍ 19-05-2018 - Saturday
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഒക്ടോബര്‍ 14ന് വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ തീരുമാനം. പോള്‍ ആറാമന്‍ ഉള്‍പ്പെടെയുള്ള 6 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന നടപടി ക്രമങ്ങളുടെ അവസാന ഘട്ടമായി, ഇന്ന് ശനിയാഴ്ച (19/05/18) വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ വിളിച്ചു കൂട്ടിയ സാധാരണ പൊതു കണ്‍സിസ്റ്ററിയിലാണ് പ്രഖ്യാപന തീയതി തീരുമാനിച്ചത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക.
പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ മാരകമായ ഒരു രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ രോഗം സൗഖ്യപ്പെട്ടത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം ഫെബ്രുവരി മാസമാണ് അംഗീകരിച്ചത്. തുടര്‍ന്നു ഈ വര്‍ഷം അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു. 1897ല്‍ ജിയോവാന്നി ബത്തീസ്ത മൊന്തീനിയായി ജനിച്ച പോള്‍ ആറാമന്‍ 1954ല്‍ മിലാന്‍ അതിരൂപതയുടെ സാരഥിയായി. 1963ല്‍ ജോണ്‍ 23ാമന്റെ നിര്യാണശേഷം മാര്‍പാപ്പയായി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പൂര്‍ത്തീകരണം ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു.
പോള്‍ ആറാമന്റെ വിഖ്യാതമായ ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ തന്നെ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ദിവ്യബലി മദ്ധ്യേ വെടിയേറ്റ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് അർനുൾഫോ ഓസ്കർ റൊമേറോ, പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ സഭാസ്ഥാപകനായ രൂപതാ വൈദികന്‍ ഫ്രാന്‍സിസ് സ്പിനേലി, വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ, പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍ എന്നിവരെയും ഒക്ടോബര്‍ 14ന് വിശുദ്ധരായി പ്രഖ്യാപിക്കുവാന്‍ തീരുമാനമായിട്ടുണ്ട്.