News - 2025

ഇസ്രായേലി വര്‍ണ്ണങ്ങളില്‍ തിളങ്ങി 'ക്രൈസ്റ്റ് ദി റെഡീമര്‍'

സ്വന്തം ലേഖകന്‍ 22-05-2018 - Tuesday

റിയോ ഡി ജനീറോ: ലോകത്തെ പുതിയ ഏഴ് അത്ഭുതങ്ങളില്‍ ഉള്‍പ്പെടുന്ന ബ്രസീലിലെ പ്രസിദ്ധ നിര്‍മ്മിതിയായ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ പ്രതിമ ഇസ്രായേല്‍ പതാകയോട് സാദൃശ്യം കാണിച്ചു വെള്ള, നീല നിറങ്ങളില്‍ പ്രകാശിപ്പിച്ചത് ശ്രദ്ധേയമായി. ഇസ്രായേലിന്റെ എഴുപതാമത്തെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ശ്രദ്ധേയമായ പ്രകാശ സംവിധാനം രൂപത്തില്‍ ഒരുക്കിയത്. ക്രിസ്ത്യന്‍-യഹൂദ ബന്ധത്തിലെ ചരിത്ര സംഭവമെന്നാണ് വര്‍ണ്ണ വിസ്മയത്തെ പലരും വിശേഷിപ്പിച്ചത്.

70 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായിട്ടാണ് ബ്രസീലിലെ കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാന അടയാളം ഇസ്രായേലിന്റെ നീലയും, വെള്ളയും നിറത്തില്‍ തിളങ്ങുന്നതെന്നു ഓസിയാസ് വുര്‍മാന്‍ പ്രതികരിച്ചു. യഹൂദ നിറങ്ങളാല്‍ ക്രിസ്തു രൂപം തിളങ്ങുന്നതിനു സാക്ഷ്യം വഹിക്കുന്നതിന് ഇസ്രായേലി അംബാസഡര്‍ യോസ്സി ഷെല്ലി, റിയോയിലെ ജ്യൂവിഷ് ഫെഡറേഷന്‍ പ്രസിഡന്റ് ഹെറി റോസന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖരും എത്തിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രൂപം സമ്മിശ്ര നിറത്താല്‍ അലങ്കരിച്ചത്. ഇതാദ്യമായല്ല ബ്രസീലില്‍ ക്രിസ്ത്യന്‍-യഹൂദ മതസൗഹാര്‍ദ്ദം വെളിപ്പെടുന്നത്. ഏപ്രില്‍ 22-ന് റിയോയിലെ യഹൂദ ക്ലബ്ബില്‍ 2000-ത്തോളം യഹൂദര്‍ പങ്കെടുത്ത ‘യോം ഹാറ്റ്സ്മൌത്ത്’ ആഘോഷം നടത്തിയിരിന്നു. ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന റിയോ മേയര്‍ മാര്‍സെല്ലോ ക്രിവേല നഗരത്തിലെ ആദ്യ ഹോളോകാസ്റ്റ് മെമോറിയല്‍ പണിയുന്നതിന് സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. ബ്രസീലില്‍ ഒന്നര ലക്ഷത്തോളം യഹൂദരാണ് വസിക്കുന്നത്. തങ്ങള്‍ക്ക് രാജ്യത്തു ലഭിച്ച അംഗീകാരമായാണ് ക്രിസ്തു രൂപത്തിലുള്ള പ്രകാശത്തെ യഹൂദര്‍ നോക്കി കാണുന്നത്.


Related Articles »