News - 2025

എബോള പിടിയിലമര്‍ന്ന കോംഗോയ്ക്കു സാന്ത്വനമായി കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 23-05-2018 - Wednesday

ബന്ധാകാ (കോംഗോ): എബോള വൈറസ് ബാധയെ തുടര്‍ന്നു ദുരിതത്തിലായ കോംഗോയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കത്തോലിക്ക സന്നദ്ധ സംഘടന കാത്തലിക് റിലീഫ്‌ സര്‍വീസസിന്റെ (CRS) പ്രവര്‍ത്തനങ്ങള്‍. സാമ്പത്തികമായും ബോധവത്ക്കരണ സഹായങ്ങള്‍ നല്‍കിയുമാണ് സി‌ആര്‍‌എസ് മാരകരോഗത്തിനെതിരെ പോരാടുന്നത്. രോഗബാധിത മേഖലകളില്‍ പ്രാദേശിക കാരിത്താസിനെ സഹായിച്ചുകൊണ്ടാണ് സി‌ആര്‍‌എസ് പ്രവര്‍ത്തിക്കുന്നതെന്ന് കിന്‍ഷാസാ ആസ്ഥാനമായുള്ള കോംഗോയിലെ സി‌ആര്‍‌എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാതറിന്‍ ഓവര്‍കാംബ് പറഞ്ഞു. രാജ്യത്തു വൈറസ്‌ ബാധ തടയുന്നതില്‍ സി‌ആര്‍‌എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

വൈറസ്‌ ബാധയേല്‍ക്കാതിരിക്കുവാനുള്ള മുന്‍കരുതലുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വേണ്ട സമയത്ത് നല്‍കുന്നത് വഴി സി‌എസ്‌ആര്‍ സന്നദ്ധ പ്രവര്‍ത്തകരും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുവരുന്നത്. ഇതിനിടെ കോംഗോയില്‍ വളരെ ഉയര്‍ന്ന നിലയിലാണ് എബോള പടര്‍ന്നു കൊണ്ടിരിക്കുന്നതെന്ന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. എബോള ബാധിച്ച് 26 പേരുടെ മരണം ഇതിനോടകം തന്നെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. 21 പേര്‍ വൈറസ്‌ ബാധിതരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 25 പേര്‍ രോഗബാധിതരാണോ എന്ന സംശയത്തിന്റെ നിഴലിലാണ്.

രോഗം പടര്‍ന്നു തുടങ്ങിയ ഉടന്‍ തന്നെ മുന്‍കരുതല്‍ പ്രചാരണ പരിപാടികളുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്‌ രംഗത്ത്‌ വന്നിരുന്നു. ഇതിന് പിന്‍താങ്ങയാണ് കാത്തലിക് റിലീഫ്‌ സര്‍വീസസ് രംഗത്തെത്തിയത്. നൂറിലധികം രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമേകിവരുന്ന അന്താരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സിയാണ് കാത്തലിക് റിലീഫ്‌ സര്‍വീസസ്. ഇതിനുമുന്‍പ് ലൈബീരിയ, ഗിനിയ, സിയറ-ലിയോണ തുടങ്ങിയ രാജ്യങ്ങളില്‍ എബോള വൈറസ്‌ ബാധയുണ്ടായപ്പോഴും കത്തോലിക്ക സന്നദ്ധ സംഘടനകളാണ് സഹായവുമായി മുന്നോട്ട് വന്നത്.


Related Articles »