News - 2025

ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, മറിച്ച് ദൈവത്തെ കണ്ടുമുട്ടാത്ത സഹോദരങ്ങളാണുള്ളത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍

സ്വന്തം ലേഖകന്‍ 26-05-2018 - Saturday

വാഷിംഗ്‌ടണ്‍ ഡിസി: ക്രൈസ്തവര്‍ക്ക് സ്ഥിരമായ ശത്രുക്കളില്ലായെന്നും മറിച്ച് ഇനിയും ദൈവത്തെ കണ്ടുമുട്ടിയിട്ടില്ലാത്ത ആശയകുഴപ്പത്തിലായ സഹോദരങ്ങളാണുള്ളതെന്നും അമേരിക്കയിലെ കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയും, അമേരിക്കന്‍ ബിഷപ്സ് കമ്മിറ്റിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും, ഒന്നിച്ചു കൂടുവാനുള്ള സ്വാതന്ത്ര്യവും നല്‍കിയ രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തോട് നന്ദി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 24-ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന നാഷണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“ദൈവം മരിച്ചുവോ?” എന്ന ചോദ്യം ഉയര്‍ത്തി ടൈം മാഗസിനില്‍ വന്ന ലേഖനത്തെ ഉദ്ധരിച്ച മെത്രാപ്പോലീത്ത നമ്മള്‍ നേരിടുന്ന വിശ്വാസപ്രതിസന്ധിയാണ് ഈ ചോദ്യത്തിന്റെ പിന്നിലെന്നും അദ്ദേഹം വിവരിച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിച്ചാല്‍ നമുക്ക് ഉന്നതി പ്രാപിക്കുവാന്‍ കഴിയും. പ്രാര്‍ത്ഥനയിലൂടെ നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ സാന്നിധ്യത്തിലേക്ക് ഉയര്‍ത്തുകയാണെങ്കില്‍ നമുക്ക് യേശുവിനെ കണ്ടുമുട്ടുവാന്‍ കഴിയും. ദുഃഖവെള്ളിയാഴ്ച ദിവസത്തെ ഒരു ഭീരു എന്ന നിലയില്‍ നിന്നും റോമിലെ രക്തസാക്ഷിയായി പത്രോസിനെ ഉയര്‍ത്തിയത് യേശുവാണ്. പ്രഭാതത്തിലെ നമ്മുടെ പ്രാര്‍ത്ഥനയില്‍ രാഷ്ട്രത്തിന്റെ വിശ്വാസപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.

ഉയര്‍ത്തെഴുന്നേറ്റ യേശുവില്‍ വിശ്വസിക്കുന്ന നമ്മള്‍ക്ക് അവന്റെ സ്നേഹവും, കാരുണ്യവും മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കാം. നമ്മുടെ രാഷ്ട്രത്തിനു പുതുജീവന്‍ നല്‍കുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. നിയമങ്ങളിലൂടെ മാത്രമല്ല മറിച്ച് ദൈവത്തിന്റെ സ്നേഹവും, സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടു വേണം നമ്മുടെ ദൌത്യം നിര്‍വ്വഹിക്കുവാന്‍. ഒരേ മനസ്സ്, ഒരേ ഹൃദയം, ഒരേ ആത്മാവ് എന്ന നമ്മുടെ സംസ്കാരം തിരിച്ചുപിടിക്കുക എന്നത് നമ്മുടെ കടമയാണ്. അമേരിക്ക നേരിടുന്ന നിരവധി വെല്ലുവിളികളെ കുറിച്ചും ആര്‍ച്ച് ബിഷപ്പ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കൂടാതെ ചില സംസ്ഥാനങ്ങളില്‍ കോടതികള്‍ വഴിയും നിയമങ്ങള്‍ വഴിയും കത്തോലിക്കാ ആശുപത്രികളുടെ മേല്‍ ഗര്‍ഭഛിദ്രം ചെയ്യുവാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസ പ്രതിസന്ധിയാണ് ഇതിന്റെയെല്ലാം കാരണമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയത്.


Related Articles »