News - 2024

ഹമാസ് പാലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു: പാപ്പയുടെ സമാധാന ദൂതന്‍ കര്‍ദ്ദിനാള്‍ മാറ്റിയോ സൂപ്പി

പ്രവാചകശബ്ദം 27-10-2023 - Friday

റോം, ഇറ്റലി: പാലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു ഹമാസാണെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനായ കര്‍ദ്ദിനാള്‍ മാറ്റിയോ സൂപ്പി. ഇരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു പ്രശ്നപരിഹാരമാണ് ആവശ്യമെന്നും ആധികാരികതയുള്ള ഒരു നേതൃത്വം പലസ്തീനില്‍ ഉണ്ടാകണമെന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് വടക്കന്‍ ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍വെച്ച് ബൊളോഗ്ന മെത്രാനും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി പറഞ്ഞു.

“ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന്റെ മൂലകാരണങ്ങള്‍ നമ്മള്‍ പരിഹരിക്കണം. കാര്യങ്ങളില്‍ വ്യക്തയും, ഉറപ്പും ഉണ്ടാവണം. അക്രമത്തോട് യാതൊരു തരത്തിലുള്ള ആസക്തിയും പാടില്ല, അത് പരിഹരിക്കുവാനുള്ള കാരണങ്ങളെക്കുറിച്ചും നമ്മള്‍ ബോധവാന്‍മാര്‍ ആയിരിക്കണം". ഭാഗങ്ങളായിട്ടായിരിക്കും മൂന്നാം ലോക മഹായുദ്ധം നടക്കുകയെന്ന ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍ ‘സുസ്ഥിരത’ നിരന്തരമായ ഭീഷണിയിലാണെന്നും, നമ്മളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് തോന്നുമെങ്കിലും യുദ്ധം നമ്മളെ ബാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനായി നിയമിക്കപ്പെട്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ മാറ്റിയോ സൂപ്പി. ഇറ്റലിയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഏതാണ്ട് 60 ലക്ഷത്തോളം ആളുകള്‍ ഇറ്റലിയില്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തു 21.8 ലക്ഷം ആളുകള്‍, അതായത് മൊത്തം കുടുംബങ്ങളിലെ 8.3% കടുത്ത ദാരിദ്ര്യത്തിലാണെന്നാണ്‌ ഇറ്റലിയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.


Related Articles »