News - 2025
ചൈനയിൽ ഇരുപത്തിയൊന്ന് മിഷ്ണറിമാരെ തടവിലാക്കി
സ്വന്തം ലേഖകന്‍ 28-05-2018 - Monday
ബെയ്ജിംഗ്: ചൈനയില്‍ മിഷ്ണറി പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഇരുപത്തിയൊന്ന് ജപ്പാൻ പൗരന്മാരെ തടവിലാക്കി. മെയ് അഞ്ചിനും പതിനഞ്ചിനുമിടയിൽ ഹെബെ, ഹെനാൻ, ഗുസോഹു, ഷാംഗ്സി, ലിയോണിങ്ങ്, നിങ്ങ്സിയ എന്നിവടങ്ങളിൽ നിന്നാണ് മിഷ്ണറിമാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം മൂന്നു പേരെ നാടുകടത്തിയതായും രണ്ടു പേർ ബെയ്ജിംഗ് അധികൃതരുടെ കസ്റ്റഡിയിലാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
കഴിഞ്ഞ നവംബറിലും പത്തൊൻപത് ജാപ്പനീസ് ക്രൈസ്തവരെ ചൈനയിൽ തടവിലാക്കിയിരുന്നു. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കേർപ്പെടുത്തിയിരിക്കുന്ന ചൈനയിൽ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി മിഷ്ണറി പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. വിദേശികളാണെങ്കിലും ചൈനീസ് നിയമങ്ങൾ അനുസരിക്കണമെന്ന കർശന നിലപാടാണ് രാഷ്ട്രത്തിന്റേതെന്ന് ചൈനീസ് വിദേശകാര്യാലയ വക്താവ് ലു കാങ്ങ് പ്രസ്താവിച്ചിരുന്നു.
വിദേശ മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന ബെയ്ജിംഗിൽ 1991 മുതൽ മതപരമായ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് അനുമതി നിർബന്ധമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയിൽ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന പ്രവർത്തനങ്ങൾ നിറുത്തലാക്കുവാന്‍ വിവിധ ശ്രമങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.