News - 2025

സമാധാനത്തിനായി പ്രാര്‍ത്ഥനാ റാലിയുമായി മ്യാന്‍മറിലെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 30-05-2018 - Wednesday

മ്യിറ്റ്കിനാ: സൈന്യവും കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളുമായും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം ജീവിതം താറുമാറായ മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ റാലിയുമായി ക്രൈസ്തവ സമൂഹം. കച്ചിന്‍ പ്രവിശ്യയുടെ തലസ്ഥാനമായ മ്യിറ്റ്കിനായുടെ തെരുവുകളിലൂടെ ആയിരികണക്കിന് കത്തോലിക്ക വിശ്വാസികള്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ആവശ്യവുമായി പ്രാര്‍ത്ഥനാ റാലി നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രാര്‍ത്ഥനാ റാലിക്ക് പ്രാദേശിക മെത്രാനായ മോണ്‍. ഫ്രാന്‍സിസ് ഡോ ടാങ്ങ് ആണ് നേതൃത്വം നല്‍കിയത്. കത്തോലിക്കര്‍ക്ക് പുറമേ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നുള്ളവരും അക്രൈസ്തവരും പ്രകടനത്തില്‍ പങ്കെടുത്തു. സമാധാനത്തിന് വേണ്ടി കച്ചിന്‍ മേഖലയിലെ ക്രിസ്ത്യാനികള്‍ നടത്തുന്ന ആദ്യത്തെ പ്രകടനമാണിത്.

പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുക്കുവാന്‍ സകലരേയും ക്ഷണിച്ചുകൊണ്ട് പ്രാദേശിക രൂപത കഴിഞ്ഞ ആഴ്ച കത്ത് പുറത്തുവിട്ടിരുന്നു. കച്ചിന്‍ വംശജരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഇവരില്‍ 40 ശതമാനം കത്തോലിക്കരും, 60 ശതമാനം പ്രൊട്ടസ്റ്റന്റുകാരുമാണ്. മ്യാന്‍മര്‍ സൈന്യവും, കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA)യും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഭവനരഹിതരായവരുടെ എണ്ണം അയ്യായിരത്തിലധികമാണ്. ആയിരത്തി അഞ്ഞൂറോളം ഭവനരഹിതരായ ആളുകളാണ് പ്രശ്നബാധിത മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്.

'യുണൈറ്റഡ് നേഷന്‍സ്‌ ഓഫീസ് ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ്' (UNOCA) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 150 പേര്‍ക്ക് മാത്രമേ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിപ്പെടുവാന്‍ സാധിച്ചിട്ടുള്ളൂ. ഇതിനിടെ ആയിരത്തിമുന്നൂറിലധികം അഭയാര്‍ത്ഥികളെയാണ് സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിന്നു. സാധാരണ ഗതിയില്‍ പ്രശ്നബാധിത മേഖലയിലെ ഗ്രാമവാസികളെ രക്ഷപ്പെടുവാന്‍ സര്‍ക്കാര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സൈന്യം ഭവനരഹിതരായ ഗ്രാമവാസികളെ രക്ഷപ്പെടുവാന്‍ സൈന്യം അനുവദിച്ചിട്ടില്ലായെന്നും മനുഷ്യകവചങ്ങളായി ഉപയോഗിക്കുവാന്‍ സൈനീക കേന്ദ്രങ്ങളില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഇവരെ രക്ഷിക്കുവാന്‍ കച്ചിന്‍ സ്റ്റേറ്റ് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പൊതു സംഘടനകള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സൈന്യം യാതൊരുവിധ ഇടപെടലുകളും അനുവദിക്കുന്നില്ല. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളേയും പ്രതിഷേധങ്ങളേയും സൈന്യം അടിച്ചമര്‍ത്തുകയാണ്. തടവിലായിരിക്കുന്നവരുടെ മോചനത്തിനായി കച്ചിന്‍ യൂത്ത് മൂവ്മെന്റിന്റെ കീഴില്‍ രാത്രിയും, പകലുമില്ലാതെ നിരവധി ക്രിസ്ത്യന്‍ യുവാക്കള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇവരുടെ നേതാക്കളെ പിടികൂടി വിചാരണ ചെയ്ത് വന്‍ തുക പിഴ ചുമത്തിയിരിന്നു. കച്ചിനില്‍ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.


Related Articles »