Monday Mirror - 2025
അരവിന്ദാക്ഷ മേനോൻ എഴുതുന്നു: സത്യ ദൈവത്തെ തിരിച്ചറിയുക- ഭാഗം 1
അരവിന്ദാക്ഷ മേനോൻ 16-09-2019 - Monday
എന്‍റെ പേര് അരവിന്ദാക്ഷ മേനോൻ.
കോട്ടയത്തിനടുത്ത് കുമരകം എന്ന ഗ്രാമത്തില്‍ വളരെ വളരെ യാഥാസ്ഥിതികമായ ഒരു നായര്‍ തറവാട്ടിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ തന്നെ രാമായണം, മഹാഭാരതം, മഹാഭാഗവതം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുവാനും ഇതിഹാസ കഥകള്‍ കേട്ടുവളരുവാനുമുള്ള അവസരം എനിക്കു ലഭിച്ചു. എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കുക, മറ്റുള്ളവര്‍ക്കുവേണ്ടി ചിന്തിക്കുക, മറ്റുള്ളവര്‍ക്കു വേണ്ടി പണിയെടുക്കുക, സ്വാര്‍ത്ഥ മോഹങ്ങളില്ലാതെ ജീവിക്കുക തുടങ്ങി പല നല്ല ഗുണങ്ങളും എനിക്കേറെയുണ്ടായിരുന്നു.
പതിനെട്ടാമത്തെ വയസ്സില്‍ ഞാന്‍ എന്‍റെ സാമാന്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കേന്ദ്ര ഗവണ്‍മെന്‍റ് സര്‍വീസില്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വാണിജ്യ വകുപ്പിനു കീഴിലുള്ള റബ്ബര്‍ ബോര്‍ഡ് എന്ന സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീടുള്ള ഇരുപതു വര്‍ഷത്തെ എന്‍റെ ജീവിതം ഇതുപോലെയൊരു സാക്ഷ്യത്തിലൊന്നും എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമുള്ള ജീവിതമായിരുന്നില്ല. ഒരു സാധാരണ ജീവിതം! പക്ഷെ മുന്‍പു പറഞ്ഞതുപോലെയുള്ള നല്ല ഗുണങ്ങള്‍ എനിക്കേറെയുണ്ടായിരുന്നതു കൊണ്ട് എനിക്ക് ചുറ്റുമുള്ളവര്‍, എന്‍റെ സഹപ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന്‍ എന്‍റെ സ്നേഹിതന്മാരായി മാറി. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജോലിക്കാരുടെ, ഉദ്യോഗസ്ഥന്മാരുടെ സംഘടനയുടെ നേതാവായിത്തീര്‍ന്നു ഞാന്‍. രാഷ്ട്രീയ പ്രേരിതമായ ഈ സംഘടനയിലൂടെ ഞാന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. ആ പാര്‍ട്ടിയിലെ ഒരു സജീവ പ്രവര്‍ത്തകനായി. ഒട്ടും താമസിയാതെ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശികമായി ഒരു നേതാവായിത്തീരാനും എനിക്ക് കഴിഞ്ഞു.
അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ നാട്ടുകാരുടെയും സംഘടനാ പ്രവര്‍ത്തനത്തിലൂടെ സഹപ്രവര്‍ത്തകരുടെയും സ്നേഹവിശ്വാസങ്ങളാര്‍ജ്ജിച്ച് വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഞാന്‍ ഇരുപതു വര്‍ഷം ജീവിച്ചു. ഇതിനിടെ ഞാന്‍ വിവാഹിതനായി. എനിക്കു രണ്ടു പെണ്‍കുഞ്ഞുങ്ങളുണ്ടായി. വളരെ സന്തുഷ്ടമായ കുടുംബ ജീവിതം! അതും ഈ കാലയളവില്‍ എനിക്കു ലഭിച്ചു. സന്തോഷപ്രദമായ ഈ ഇരുപതു വര്‍ഷത്തെ ജീവിതത്തിനു ശേഷം ഒരു ദിവസം വളരെ അപ്രതീക്ഷിതമായി എനിക്ക് എന്‍റെ ജോലി നഷ്ടപ്പെട്ടു. രാഷ്ട്രീയമായ കാരണങ്ങള്‍! കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം, പാര്‍ട്ടിയിലെ എന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പരോക്ഷമായ കാരണങ്ങള്‍! പ്രത്യക്ഷമായി സ്ഥാപനത്തിലുണ്ടായ ഒരു വലിയ സമരം, സമരത്തിനു ഞാന്‍ കൊടുത്ത നേതൃത്വം, ഇതെല്ലാം കാരണം കാണിച്ച് എന്‍റെ അധികാരികള്‍ എന്നെ ജോലിയില്‍ നിന്ന്‍ പിരിച്ചുവിട്ടു.
പത്തിരുപതു വര്‍ഷക്കാലം മറ്റുള്ളവരുടെ സ്നേഹത്തിനും മറ്റുള്ളവരുടെ വിശ്വാസത്തിനും മറ്റുള്ളവരുടെ പ്രശംസയ്ക്കും പ്രീതിക്കും മുന്‍തൂക്കം കൊടുത്തു ജീവിച്ചതുകൊണ്ട് സാമ്പത്തികമായി എന്‍റെ ജീവിതം ഒരിക്കലും ഭദ്രമായിരുന്നില്ല. എന്നും പിന്നോക്കമായിരുന്നു. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി അതിന്‍റെ വരുമാനം നഷ്ടപ്പെട്ടു പോയാലുണ്ടാകുന്ന ബുദ്ധിമുട്ട്! വിശദീകരിക്കേണ്ട കാര്യമില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ ജീവിതം ദാരിദ്ര്യപൂര്‍ണ്ണമായിത്തീര്‍ന്നു. ദുഃഖപൂര്‍ണ്ണമായിത്തീര്‍ന്നു. ഓരോ ദിവസത്തെ ഞങ്ങളുടെ ജീവിതവും ഓരോ കഥയായി മാറി. പൂര്‍ണ്ണമായ നിരാശയുടെ കഥ!എന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒരുനേരത്തെ ആഹാരത്തിനുള്ള വകപോലും സമ്പാദിച്ചു കൊടുക്കാന്‍ എനിക്ക് കഴിയാതെ വരുന്നതിലുള്ള നിരാശയുടെ കഥ!
എന്നെ സ്നേഹിക്കുകയും എന്നെ വിശ്വസിക്കുകയും ഒക്കെ ചെയ്തിരുന്നു എന്ന്‍ ഞാന്‍ വിശ്വസിച്ചിരുന്ന എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ സഹപ്രവര്‍ത്തകര്‍, ഒരു ദിവസംകൊണ്ട് അവരെന്നെ പൂര്‍ണ്ണമായി അവഗണിച്ചു. എന്നെ കാണുമ്പോള്‍ പല സ്നേഹിതരും വഴി മാറി നടക്കും. ഞാന്‍ എന്തെങ്കിലും സഹായം ചോദിച്ചാലോ എന്നു ഭയപ്പെട്ടിട്ടാണ്. വേദനാജനകമായ ഈ അവഗണനയുടെ കഥ! ഇതിലൊക്കെ ഉപരിയായി എവിടെവച്ചു കാണുമ്പോഴും തറവാടിന്‍റെ അഭിമാനമെന്നു പറഞ്ഞ് എന്നെ വിശേഷിപ്പിച്ചു പുകഴ്ത്തിയിരുന്ന എന്‍റെ ബന്ധുക്കള്‍, എന്‍റെ വീട്ടുകാര്‍! ഒരു ദിവസം കൊണ്ട് ഞാന്‍ അവര്‍ക്കു കള്ളനും കുരുത്തം കെട്ടവനും തെമ്മാടിയുമൊക്കെയായി മാറി. സ്വന്തം പ്രവര്‍ത്തി ദോഷം കൊണ്ട് ഒന്നാന്തരമൊരു ജോലിയുണ്ടായിരുന്നതു കളഞ്ഞുകുളിച്ച തെമ്മാടി എന്നു പറഞ്ഞെന്നെ അധിക്ഷേപിക്കുവാന്‍ തുടങ്ങി. ഈ അപമാനത്തിന്‍റെ കഥ!
ഇങ്ങനെ ഓരോ ദിവസത്തെ ജീവിതവും ദുഃഖത്തിന്‍റെയും വേദനയുടെയും അപമാനത്തിന്‍റെയും കഥകളായി മാറിയപ്പോള്‍ സാധാരണ പുരുഷന്മാര്‍ക്കുണ്ടാകുന്ന ഒരു ദൗര്‍ബല്യം! അതും എന്നെ ബാധിച്ചു. മുപ്പത്തിഎട്ടാമത്തെ വയസ്സു വരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി സംഘടനാ നേതാവായി മാതൃകാ പുരുഷനായി മദ്യത്തിന്‍റെ രുചിയോ ഗന്ധമോ എന്താണെന്നറിയാതെ ജീവിച്ച ഞാന്‍ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ ഒരു തികഞ്ഞ മദ്യപാനിയായി മാറി. ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്ന ഒരു കുടുംബത്തിലേക്ക് കുടുംബ നാഥന്‍ കുടിച്ച് ലക്കുകെട്ട് വന്നാലുണ്ടാകുന്ന ഒരു ബുദ്ധിമുട്ട്! അതും വിശദീകരിക്കേണ്ട വിഷയമല്ല. കുടുംബകലഹം! ഈ കുടുംബകലഹം കൂടിയായപ്പോള്‍ എന്‍റെ തകര്‍ച്ച പൂര്‍ത്തിയായി.
ഇങ്ങനെ ജീവിതം തകര്‍ന്ന്‍ വഴിമുട്ടുമ്പോഴാണ് സാധാരണ എല്ലാവരും ദൈവത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞാനും ദൈവത്തെക്കുറിച്ച് ആലോചിക്കുവാന്‍ തുടങ്ങി. ദൈവത്തെക്കുറിച്ച് ആലോചിക്കുവാന്‍ ദൈവത്തിലേക്കു തിരിയുവാന്‍ വളരെ എളുപ്പം! കാരണം ആത്മീയമായി വലിയ ഒരു പശ്ചാത്തലമുള്ള ഒരു തറവാടാണ് എന്‍റേത്. സ്വന്തമായി മൂന്നു ക്ഷേത്രങ്ങളുണ്ട് എന്‍റെ തറവാട്ടില്‍! വീട്ടുവളപ്പില്‍ത്തന്നെ രണ്ടു ക്ഷേത്രങ്ങള്‍! ഈ ക്ഷേത്രങ്ങളില്‍ കുടിയിരിക്കുന്ന ദൈവങ്ങള്‍ക്ക് ഭരദേവതമാര്‍ എന്നു പറയും. ഭരദേവതമാരുടെ ക്ഷേത്രങ്ങളില്‍ പോയി ഞാന്‍ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വിധിപ്രകാരമുള്ള എല്ലാ നേര്‍ച്ചകാഴ്ചകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ആഴ്ചകളോളം മാസങ്ങളോളം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും. ചെലവഴിച്ചു. പക്ഷെ എന്‍റെ ദുഃഖങ്ങള്‍ക്ക് എന്‍റെ കഷ്ടപ്പാടുകള്‍ക്ക്, എന്‍റെ ദാരിദ്ര്യത്തിന് ഒരു കുറവും ഉണ്ടായില്ല.
ദൈവത്തിന്‍റെ അനുഗ്രഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ട് അതു കിട്ടാതെ വരുമ്പോള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. ജ്യോതിഷക്കാരനെ കാണും. എന്തുകൊണ്ടാണ് ദൈവത്തിന്‍റെ അനുഗ്രഹം എനിക്ക് കിട്ടാതെ പോകുന്നത്? പ്രശ്നം വച്ചുനോക്കണം. വളരെ പ്രസിദ്ധനായ ഒരു ജ്യോത്സ്യന്‍റെ അടുത്ത് പോയി, ഞാന്‍. എന്‍റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളൊക്കെ വളരെ വിശദമായി അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിച്ചു. നാലു പ്രാവശ്യം ഞാനീ ജ്യോത്സ്യന്‍റെ അടുത്തുപോയി. നാലു പ്രാവശ്യവും എന്‍റെ കഷ്ടതകള്‍ക്ക്, അദ്ദേഹം നാലു കാരണങ്ങള്‍ പറഞ്ഞു. ദൈവകോപം, ജന്മദോഷം, നക്ഷത്രദോഷം, സര്‍പ്പകോപം നാലു കാരണങ്ങള്‍ക്കും പരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചു. വളരെയധികം പണചെലവുള്ള ബലികള്‍, പൂജകള്‍, ഹോമങ്ങള്‍! ഇല്ലാത്ത പണം കടം വാങ്ങി എല്ലാം ചെയ്തു. സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്‍റു ഭൂമിയും വീടും അന്യാധീനമായി എന്നതൊഴിച്ചാല്‍ ഒരു പ്രയോജനവുമുണ്ടായില്ല. ദൈവത്തിലുള്ള എന്‍റെ വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ഞാന്‍ ഒരു നിരീശ്വരവാദിയായി മാറി.
നിങ്ങള്‍ക്കറിയാം കേരളത്തില്‍ വളരെ പ്രസിദ്ധമായ നിരീശ്വരവാദികളുണ്ട്. അവര്‍ക്കവരുടെ സംഘടനയുണ്ട്, പ്രസ്ഥാനമുണ്ട്. യുക്തിവാദിസംഘം ഇതിന്‍റെ ചില നേതാക്കന്മാരെയൊക്കെ ഈ സമയത്തു കണ്ടു മുട്ടുവാനിടയായി. എന്‍റെ കഥയൊക്കെ കേട്ടിട്ട് അവര്‍ പറഞ്ഞു: "നിങ്ങള്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്, നിങ്ങളെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്കിനി സാമൂഹ്യമായി ഒരു ബാദ്ധ്യതയുണ്ട്. ഈ സമൂഹത്തോട് ഒരു കടമയുണ്ട്. ദൈവത്തിന്‍റെ നാമത്തില്‍ നിങ്ങള്‍ക്കുണ്ടായ അപകടങ്ങളൊന്നും മറ്റുള്ളവര്‍ക്കുണ്ടാകാതെ നോക്കണം. അതാണു നിങ്ങളുടെ കടമ." അതെനിക്ക് ബോദ്ധ്യപ്പെട്ടു. എന്നും മറ്റുള്ളവരുടെ നന്മയാണെന്‍റെ ലക്ഷ്യം ഞാനൊരു കമ്മ്യുണിസ്റ്റുകാരനാണ്. എന്നിലെ കമ്മ്യൂണിസ്റ്റുകാരന്‍ ഉയിര്‍ത്തെഴുന്നേറ്റു. മൂന്നു വര്‍ഷക്കാലം കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ നടന്ന്‍ ദൈവമില്ല എന്ന്‍ പ്രസംഗിച്ചുകൊണ്ടു നടന്നു ഞാന്‍. "ദൈവമില്ല, ദൈവം മിഥ്യയാണ് വെറും തോന്നലാണ്. മനുഷ്യന്‍റെ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യനെ ചൂഷണം ചെയ്യാന്‍ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന സംവിധാനമാണ്, തട്ടിപ്പാണ്. ആരും അതിലൊന്നും വീണു പോകരുത്". ഇങ്ങനെയൊക്കെ ആഹ്വാനം ചെയ്തു കൊണ്ട് പ്രസംഗിച്ചു നടന്നു.
ഈ മൂന്നു വര്‍ഷം ദൈവനിഷേധം പറഞ്ഞുകൊണ്ടാണു നടന്നതെങ്കിലും ഈ മൂന്നു വര്‍ഷം എന്‍റെ ജീവിതത്തില്‍ വലിയ ദൈവാനുഗ്രഹത്തിന്‍റെ കാലഘട്ടമായി മാറി എന്നാണെന്‍റെ അനുഭവം. കാരണം ധാരാളം പുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരമുണ്ടായി. സാംസ്കാരിക നായകന്മാര്‍ എന്നു നമ്മള്‍ വുശേഷിപ്പിക്കുന്ന വലിയ വലിയ ആളുകള്‍! എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇവരൊക്കെയായി അടുത്ത് പരിചയപ്പെടുവാന്‍ ഇടപഴകുവാനുള്ള സന്ദര്‍ഭമുണ്ടായി. അങ്ങനെ ദൈവനിഷേധം പ്രസംഗിച്ചുകൊണ്ട് നടന്ന കാലത്ത് എനിക്കു കിട്ടിയ ഒരു സുഹൃത്ബന്ധം, ഒരു സുഹൃത്ത് എന്‍റെ ജീവിതത്തില്‍ അടിമുടി ചലനമുണ്ടാക്കി.
ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ കാണാന്‍ വന്നു. ഒരു ബ്രാഹ്മണനായി ജനിച്ച് ദാരിദ്ര്യത്തില്‍ വളര്‍ന്ന്, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് വക്കീലായി. ജഡ്ജിയായി, ഹൈക്കോടതിയുടെ ജഡ്ജിയായി, ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയി പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു ബ്രാഹ്മണന്‍. സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധമായ പാണ്ഡിത്യമുള്ള പണ്ഡിതനായ ഒരു ബ്രാഹ്മണന്‍. ദൈവനിഷേധം പറഞ്ഞുകൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് അദ്ദേഹമെന്നോടു പറഞ്ഞു: "തനിക്ക് ജീവിതത്തില്‍ രണ്ടു പ്രാവശ്യം തെറ്റു പറ്റി. ജീവിതത്തില്‍ വലിയ ദുഃഖവും ദുരിതവുമൊക്കെയുണ്ടായപ്പോള്‍ ദൈവത്തിലേക്കു തിരിയുന്നു എന്ന ധാരണയോടെ താന്‍ തിരിഞ്ഞത് ദൈവത്തിലേക്കൊന്നുമായിരുന്നില്ല. ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിലേക്കുമായിരുന്നു. തെറ്റിപ്പോയി." എനിക്ക് വലിയ അത്ഭുതം തോന്നി. ഈ മനുഷ്യന്‍ ബ്രാഹ്മണനാണ്. ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂജിച്ച് ആ പൂജകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വംശത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. അദ്ദേഹം തന്നെ എന്നോട് പറയുന്നു: "താന്‍ ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളെ പൂജിച്ചത് തെറ്റിപോയി." രണ്ടാമത് ക്ഷേത്രങ്ങളില്‍ പോയി വിഗ്രഹങ്ങളുടെ മുന്നില്‍ നെറച്ച് കാഴ്ചകള്‍ വച്ചു പൂജിച്ചിട്ട് പ്രയോജനമൊന്നും കിട്ടാതെ വന്നപ്പോള്‍ തന്‍ ദൈവനിഷേധത്തിലേക്കും നിരീശ്വര വാദത്തിലേക്കും തിരിഞ്ഞു. അതും തെറ്റിപ്പോയി. രണ്ടു തെറ്റുകളും തിരുത്തണം...
(ഈ ലേഖനത്തിന്റെ അടുത്ത ഭാഗങ്ങൾ വായിക്കാൻ താഴെ click ചെയ്യുക)
ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു
ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല