News - 2024

ഗര്‍ഭഛിദ്രം അവസാനിപ്പിക്കുവാന്‍ ദൃഢ പ്രതിജ്ഞയുമായി ഇറ്റാലിയന്‍ മന്ത്രി

സ്വന്തം ലേഖകന്‍ 07-06-2018 - Thursday

റോം: കത്തോലിക്ക വിശ്വാസിയും കടുത്ത പ്രോലൈഫ് വക്താവുമായ ലോറെന്‍സോ ഫോണ്ടാന ഇറ്റലിയുടെ ഫാമിലി ആന്‍ഡ് ഡിസേബിലിറ്റീസ് വകുപ്പിനെ നയിക്കും. സ്ത്രീഹത്യയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് അബോര്‍ഷനാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഗര്‍ഭഛിദ്രം അവസാനിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുമെന്ന് വാഗ്ദാനം ചെയ്തു. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ ഫോണ്ടാന ഇറ്റലിയില്‍ നടക്കുന്ന പ്രോലൈഫ് പരിപാടികളിലെ സജീവ പങ്കാളിയാണ്.

തന്റെ വിദേശനയത്തിന്റെ ഭാഗമായി ആഗോളതലത്തിലുള്ള ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നുംഫോണ്ടാന പറഞ്ഞു. കുടുംബങ്ങള്‍ക്കുള്ള സഹായവും, 'ജനനനിരക്ക് വര്‍ദ്ധനവും' താന്‍ മുന്‍ഗണനകൊടുക്കുന്ന കാര്യങ്ങളില്‍ പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലെ ജനനനിരക്ക് വര്‍ദ്ധിപ്പിക്കുക എന്നത് തന്റെ മുന്‍ഗണനകളില്‍ പ്രധാനപ്പെട്ടതാണെന്ന് സത്യപ്രതിജ്ഞക്ക് ശേഷം നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദയാവധത്തിനെതിരെയും ശക്തമായ നിലപാടുകളാണ് ഫോണ്ടാനക്കുള്ളത്.

നേരത്തെ അപൂര്‍വ്വ രോഗം ബാധിച്ച ലിവര്‍പൂളിലെ ആല്‍ഫി ഇവാന്‍ എന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ മാറ്റിയ ദിവസം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ദുഖാചരണത്തിന്റെ ദിനമാണെന്നാണ് ഫോണ്ടാന പറഞ്ഞത്. അതേസമയം സ്വവര്‍ഗ്ഗവിവാഹത്തിനും അബോര്‍ഷനും എതിരെയുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലിബറല്‍ ചിന്താഗതിക്കാരെ ഭയത്തിലാഴ്ത്തിരിക്കുകയാണ്. ഇറ്റലിയിലെ വിവാദമായ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് നീണ്ട മാസങ്ങള്‍ക്ക് ശേഷമാണ് ഗവണ്‍മെന്റ് രൂപീകൃതമായതെങ്കിലും ഫാമിലി ആന്‍ഡ് ഡിസേബിലിറ്റീസ് വകുപ്പ് ഫോണ്ടാനയുടെ കൈകളില്‍ എത്തിയത് ഇറ്റാലിയന്‍ ക്രൈസ്തവര്‍ക്ക് പുതിയ പ്രതീക്ഷയാണ് പകരുന്നത്.


Related Articles »