News - 2025
ഭാരത സഭയ്ക്കു രണ്ടു പുതിയ മെത്രാന്മാര്‍
സ്വന്തം ലേഖകന്‍ 09-06-2018 - Saturday
വത്തിക്കാന്‍ സിറ്റി: ഭാരത സഭക്ക് രണ്ടു പുതിയ മെത്രാന്‍മാരെ പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവ്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയുടെ അദ്ധ്യക്ഷനായി ഫുള്‍ജെന്‍സ് അലോഷ്യസ് തിഗയെയും അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയുടെ സഹായമെത്രാനായി സലേഷ്യന്‍ അംഗമായ ഡെന്നീസ് പന്‍പിച്ചൈയെയുമാണ് മാര്‍പാപ്പ നിയമിച്ചത്. ബെട്ടൈയ്യ രൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു റായ്ഗഞ്ച് രൂപതയുടെ നിയുക്തമെത്രാന്‍ ഫുള്‍ജെന്‍സ് അലോഷ്യസ് തിഗ.
ഗുംല രൂപതയിലെ 1965 മാര്‍ച്ച് 3 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വരാണസിയിലും ഭോപ്പാലിലുമായി, തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കുകയും അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടുകയും ചെയ്ത അദ്ദേഹം 1997 മാര്‍ച്ച് 3ന് മുസാഫര്‍പൂര്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. 1998-ല്‍ സ്ഥാപിതമായ ബെട്ടൈയ്യ രൂപതയില്‍ സേവനം ആരംഭിച്ച അദ്ദേഹം വിവിധ ഇടവകകളില്‍ വികാരി, രൂപതാദൈവവിളി സമിതിയുടെ മേധാവി, രൂപതാ ആരാധനാക്രമസമിതിയുടെ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഡെന്നിസ് പന്‍പിച്ചൈ തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയില്‍ ഉള്‍പ്പെട്ട കൊളച്ചെല്‍ സ്വദേശിയാണ്. 1958 ജൂലൈ 27ന് ജനിച്ച അദ്ദേഹം സലേഷ്യന്‍ സമൂഹത്തില്‍ ചേരുകയും നാഷിക്, തിന്‍സുക്കിയ എന്നിവിടങ്ങളിലായി തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ദൈവശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1991 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു. സലേഷ്യന്‍ സമൂഹത്തിന്‍റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി, ഇടവക വികാരി, സലേഷ്യന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ സമിതിയംഗം തുടങ്ങിയ വിവിധ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.