News - 2025
ആഗോള വൈദിക സമൂഹത്തെ ജപമാലയിലൂടെ സമര്‍പ്പിച്ച് ഗ്ലോബല്‍ റോസറി റിലേ
സ്വന്തം ലേഖകന്‍ 11-06-2018 - Monday
ഡബ്ലിന്‍: പൗരോഹിത്യ നിയോഗത്തോടുള്ള ആദരസൂചകമായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് വൈദികര്‍ക്ക് വേണ്ടി പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചു 24 മണിക്കൂര്‍ നീണ്ട ജപമാല യജ്ഞം നടന്നു. ഇക്കഴിഞ്ഞ ജൂണ്‍ 8 വെള്ളിയാഴ്ച, ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിയന്‍പതിലധികം ദേവാലയങ്ങളിലാണ് 24 മണിക്കൂര്‍ നീണ്ട ജപമാല യജ്ഞം സംഘടിപ്പിച്ചത്. വര്‍ഷംതോറും നടത്തിവരാറുള്ള ‘ഗ്ലോബല്‍ റോസറി റിലേയുടെ’ 9-മത്തെ ജപമാല റിലേയാണ് കഴിഞ്ഞ ദിവസം നടന്നത്.
വിവിധ രാജ്യങ്ങളിലെ ഓരോ ദേവാലയവും തങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള അരമണിക്കൂര്‍ നേരം ജപമാലയിലെ നിശ്ചയിച്ചിട്ടുള്ള രഹസ്യങ്ങള്‍ ചൊല്ലി ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചു സകല പുരോഹിതര്‍ക്കുമായി ദൈവമാതാവിന്റെ സംരക്ഷണം അപേക്ഷിച്ചു. മുംബൈയിലെ ബന്ദ്രയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലും വൈദികരെ സമര്‍പ്പിച്ചുകൊണ്ട് നൂറുകണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലി. ദിവ്യകാരുണ്യ ആരാധനയോടൊപ്പമാണ് മുംബൈ ബസിലിക്ക ദേവാലയത്തില്‍ ജപമാലയും ചൊല്ലിയത്.
പുരോഹിതര്‍ക്കും അവരുടെ നിയോഗത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ലഭിച്ചിട്ടുള്ള ഏറ്റവും നല്ല അവസരമായിരിന്നു റോസറി റിലേയെന്നു വിശ്വാസികള്‍ പ്രതികരിച്ചു. 2003-ല്‍ സ്ഥാപിതമായ ‘വേള്‍ഡ് പ്രീസ്റ്റ്’ എന്ന അപ്പസ്തോലിക സംഘടനയാണ് 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഗ്ലോബല്‍ റോസറി റിലേ’ ആരംഭിച്ചത്. ‘പൗരോഹിത്യത്തിന്റെ വിശുദ്ധിക്കായുള്ള ലോക പ്രാര്‍ത്ഥനാ ദിനം’ എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പുരോഹിതരേയും, അത്മായരേയും പ്രാര്‍ത്ഥനയിലൂടെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാരിയോണ്‍ മുല്‍ഹാള്‍ എന്ന അല്‍മായ വനിതയാണ് ‘വേള്‍ഡ് പ്രീസ്റ്റ്’ സംഘടന സ്ഥാപിച്ചത്.