News - 2025
ഫിലിപ്പീൻസിൽ വിശുദ്ധ കുര്‍ബാനയ്ക്കു തൊട്ടുമുന്‍പ് വൈദികന്‍ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍ 11-06-2018 - Monday
മനില: ഫിലിപ്പീന്‍സില്‍ ദിവ്യബലിക്ക് തൊട്ടുമുന്‍പുണ്ടായ വെടിവെയ്പ്പില്‍ വൈദികന്‍ കൊല്ലപ്പെട്ടു. കബനാറ്റൻ രൂപതാംഗമായ ഫാ.റിച്ച്മോണ്ട് നിലോയാണ് (40) വധിക്കപ്പെട്ടത്. സരഗോസായിലെ നുവെ എസിജയിലെ ന്യുസ്ട്ര സെനോറ ദി ല നിവ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് ദിവ്യബലിയർപ്പണത്തിനായി ഒരുങ്ങുകയായിരുന്ന ഫാ.നിലോയ്ക്ക് നേരെ അജ്ഞാതരായ രണ്ട് തോക്ക് ധാരികൾ ജനാലയിലൂടെ വെടിയുതിർക്കുകയായിരുന്നു. നാല് തവണ വെടിയേറ്റ വൈദികന്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഇക്കഴിഞ്ഞ ജൂൺ ആറിന് നടന്ന വെടിവെയ്പ്പില്‍ മറ്റൊരു ഫിലിപ്പീന്‍സ് വൈദികന് സാരമായി പരിക്കേറ്റിരിന്നു. അതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത ആക്രമണം ഉണ്ടായിരിക്കുന്നത്.
ഫാ. നിലോയുടെ മരണത്തിലും മറ്റ് വൈദികർക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളിലും ക്രൈസ്തവർ ദു:ഖിതരാണെന്ന് കമ്പനാറ്റൻ രൂപത വികാരി ജനറാൾ ഫാ. ജറ്റ്സ് ജെറ്റനോവ് പറഞ്ഞു. സംഭവത്തെ അപലപിച്ചു ഫിലിപ്പീൻസ് കത്തോലിക്ക മെത്രാൻ സമിതി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിന് ശേഷം നാലാം തവണയാണ് ഫിലിപ്പീന്‍സില്‍ വൈദികര്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്.
ഡിസംബറിൽ മനിലയ്ക്ക് സമീപം ജീൻ നഗരത്തിൽ ഫാ.മാർസലിറ്റോ പയസ് എന്ന വൈദികനും ഏപ്രിലിൽ വടക്കൻ ഫിലിപ്പീൻസിൽ ഫാ. മാർക്ക് ആന്‍റണി വെന്റുര എന്ന വൈദികനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു. ജയിൽ മോചിതനായ തടവുകാരനെ വീട്ടിൽ എത്തിച്ച ശേഷം തിരിച്ച് പോകുമ്പോഴാണ് ഫാ. പയസിന് വെടിയേറ്റത്. ഖനന പ്രവർത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ഫാ. മാർക്ക് കൊല്ലപ്പെട്ടത്.