India - 2025
രോഗികള്‍ക്ക് സഹായമായി കോട്ടയം അതിരൂപതയുടെ ബഗ്ഗി കാറുകള്‍
സ്വന്തം ലേഖകന്‍ 13-06-2018 - Wednesday
കോട്ടയം: കോട്ടയത്തെ സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയിലെ സേവനങ്ങള്‍ രോഗികള്‍ക്ക് എളുപ്പമാക്കുവാന്‍ രണ്ട് ബഗ്ഗി കാറുകള്‍ കോട്ടയം അതിരൂപത സമ്മാനിക്കും. അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് ആശുപത്രിക്ക് രണ്ട് `മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ ക്യാബ്’ അതിരൂപത നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ സൗകര്യം ക്രമീകരിക്കുന്നത്. പത്ത് ഏക്കറുള്ള ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും ഏറെ ദൂരം നടന്നാണ് രോഗികള്‍ വാര്‍ഡുകളിലും ശസ്‌ത്രക്രിയാ തിയേറ്ററുകളിലും പോകുന്നത്.
മരുന്നും ഇതര സേവന സാധ്യതകളും എത്തിക്കുന്നതിലും ദൂരം വലിയ പ്രശ്നമാണ്. വീല്‍ ചെയറുകള്‍ ഇത്രയും ദൂരം കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് കോട്ടയം അതിരൂപത ഇത്തരമൊരു സഹായ ഹസ്‌തവുമായി മുന്‍പോട്ടു വന്നത്. ഇന്നു രാവിലെ 10.30 ന് ജനറല്‍ ആശുപത്രി ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് `മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ ക്യാബ്’ കള്‍ കോട്ടയം ജനറല്‍ ആശുപത്രിക്ക് കൈമാറും.
ലഭ്യമാക്കുന്ന രണ്ട് വാഹനങ്ങളില്‍ ഒന്ന് കിടപ്പുരോഗികള്‍ക്കായുള്ള ആംബുലന്‍സ് ക്യാബ് ആണ്. പ്രസ്‌തുത വാഹനം ഉപയോഗിക്കുന്നതു വഴി ഗുരുതരാവസ്ഥയിലുളള രോഗികള്‍ക്ക് ശാരീരിക ചലനമുണ്ടാകാതെയും രക്തസ്രാവം മൂലമുണ്ടാകാവുന്ന അപകട സാധ്യത കുറച്ച് സുരക്ഷിതമായും വാര്‍ഡുകളില്‍ എത്തിക്കുവാന്‍ കഴിയും. മൂന്ന് രോഗികള്‍ക്ക് ഇരിക്കാനും കൂടാതെ സ്‌ട്രെച്ചറില്‍ ഒരു രോഗിയെ സംവഹിക്കാനും ബഗ്ഗി കാറില്‍ സൗകര്യമുണ്ട്.
വീല്‍ ചെയറുകളിലും സ്‌ട്രെച്ചറുകളിലും രോഗികളെ എത്തിക്കേണ്ടി വരുമ്പോള്‍ ആവശ്യമായി വരുന്ന അധിക മാനവ വിഭവശേഷി കുറയ്‌ക്കാനും വേഗതയില്‍ രോഗികളെ ചികിത്സയ്‌ക്കായി എത്തിക്കാനും ഈ കാറുകള്‍ വഴിയൊരുക്കും. രണ്ടാമത്തേത് മരുന്നുകളും അണുനശീകരണം വരുത്തിയ ശസ്‌ത്രക്രിയ സാമഗ്രികളും സ്റ്റോറില്‍ നിന്നും തിയേറ്ററിലെത്തിക്കാനും ബെഡ്‌ഷീറ്റുകളും രോഗീപരിചരണത്തിന് ആവശ്യമായ ഇതര വസ്‌തുക്കളും അണുവിമുക്തമായി എത്തിക്കുവാനുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കാര്‍ഗോ ക്യാബ് ആണ്. 11 ലക്ഷം രൂപ ചിലവഴിച്ച് കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ് കോട്ടയം അതിരൂപത ഇവ വാങ്ങിയത്.