News - 2025

ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ലീവാ പാത നീക്കം ചെയ്തു

സ്വന്തം ലേഖകന്‍ 13-06-2018 - Wednesday

ബെയ്ജിംഗ്: ചൈനയിലെ അന്യാങ്ങ് രൂപതയ്ക്കു കീഴില്‍ സ്ഥിതി ചെയ്യുന്ന ടിയാൻജിയജിങ്ങ് ഗ്രാമത്തിലെ കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രം സർക്കാർ ഭരണകൂടം തകര്‍ത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹെനാൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥരാണ് കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളും ക്രിസ്തു ചിത്രങ്ങളും നീക്കം ചെയ്തത്. ഇടവകാംഗങ്ങളുടെ സാന്നിദ്ധ്യം ഭയന്ന് ജൂൺ അഞ്ചിന് രാത്രിയിലാണ് മണ്ണുമാന്തിയും ലോറികളുമായി ഉദ്യോഗസ്ഥരും കമ്മ്യൂണിസ്റ്റ് അനുഭാവികളും പ്രദേശത്ത് എത്തിയത്. 1903-05 കാലഘട്ടത്തിൽ മിഷ്ണറിമാർ ദൈവമാതാവിനോട് നന്ദി സൂചകമായി നിർമ്മിച്ച ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ എന്ന തീർത്ഥാടന കേന്ദ്രത്തിലാണ് കുരിശിന്റെ വഴിയുടെ വിവിധ സ്ഥലങ്ങള്‍ ക്രമീകരിച്ചിരിന്നത്.

കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വർഷവും സ്ലീവാ പാതയില്‍ പങ്കെടുക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. മതസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള സര്‍ക്കാരിന്റെ ക്രൂരമായ നടപടി അനേകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം ചൈനയിലെ ഔദ്യോഗിക കത്തോലിക്ക സഭയും രഹസ്യ പ്രവർത്തനം നടത്തുന്ന ഭൂഗർഭ സഭയേയും ലക്ഷ്യം വച്ച് ഗവൺമെന്റ് നീക്കങ്ങൾ ശക്തമാകുകയാണ്. വിശ്വാസികളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതുക്കിയ മതകാര്യ കമ്മിറ്റി നയരേഖ ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്നതോടെയാണ് ജനജീവിതം ദുഷ്കരമായത്.

ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളും ഇതര രൂപങ്ങളും നീക്കം ചെയ്തും മറ്റും ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശ്വാസികളുടെ വളർച്ച തടയാൻ പല തരം ശ്രമം നടത്തി വരികയാണ്. കഴിഞ്ഞ നവംബറിൽ ക്രിസ്തു ചിത്രങ്ങൾക്ക് പകരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പ്രതിഷ്ഠിച്ചാൽ മാത്രമേ ഗവൺമെന്റ് ധനസഹായം ലഭ്യമാക്കൂ എന്ന പ്രഖ്യാപിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രസ്താവന വിവാദമായിരിന്നു. പീഡനങ്ങള്‍ക്ക് നടുവില്‍ലും ക്രിസ്തുവിനെ പ്രത്യാശ അര്‍പ്പിച്ചു ജീവിക്കുകയാണ് ചൈനീസ് ക്രൈസ്തവര്‍.


Related Articles »