News - 2025
ബൈബിള്‍ കാലഘട്ടത്തിലേക്ക് വിരല്‍ചൂണ്ടുന്ന രൂപഭാഗം കണ്ടെത്തി
സ്വന്തം ലേഖകന്‍ 13-06-2018 - Wednesday
ജറുസലേം: ബൈബിള്‍ കാലഘട്ടത്തിലേക്ക് വിരല്‍ചൂണ്ടുന്ന മൂവായിരത്തില്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള രൂപത്തിന്റെ ഭാഗം പുരാവസ്തുഗവേഷ സംഘം ഇസ്രായേലില്‍ കണ്ടെത്തി. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള രാജാവിന്റേതെന്ന് കരുതപ്പെടുന്ന രൂപത്തിന്റെ 2.2 ഇഞ്ച് വലുപ്പമുള്ള ശിരോഭാഗം അസൂസ പസഫിക് യൂണിവേഴ്സിറ്റിയുടെയും ജെറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയുടേയും സംയുക്ത ഗവേഷകസംഘമാണ് കണ്ടെത്തിയത്. ഇസ്രായേല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുകയാണ് രൂപം. ബൈബിളില്‍ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും (1 രാജാക്കന്‍മാര്‍ 15:20, 2 രാജാക്കന്‍മാര്‍ 15:29, 2 സാമുവല്‍ 20:15) പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അബേല്‍ ബെത്ത് മക്കാ എന്ന മേഖലയില്‍ നിന്നുമാണ് രാജാവ് സദൃശ്യമായ രൂപത്തിന്റെ ശിരോഭാഗം കണ്ടെത്തിയത്.
ഇസ്രായേല്‍, ടൈര്‍, അരാം-ഡമാസ്കസ് എന്നീ മൂന്ന് പുരാതന സാമ്രാജ്യങ്ങളുടെ അതിര്‍ത്തി മേഖലയായിരുന്നു അബേല്‍ ബെത്ത് മക്കാ. ക്രിസ്തുവിന് മുന്‍പ് 9-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രൂപത്തിന്റെ ശിരോഭാഗം ഏത് രാജാവിന്റേതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. തിളക്കമുള്ള മുടിയിഴകള്‍ പുറകിലേക്ക് മാറ്റി മഞ്ഞ നിറത്തിലുള്ള നാടകൊണ്ട് ഒതുക്കി വെച്ചിരിക്കുന്ന, താടിയുള്ള ഒരാളുടെ പ്രതിമയുടെ ശിരോഭാഗമാണ് കണ്ടെത്തിയത്. അക്കാലത്തെ കലാവൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണമായാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രൂപത്തെ ഗവേഷക സംഘം വിലയിരുത്തുന്നത്.
ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇസ്രായേല്‍ രാജാവ് അഹാബിന്റേയോ, അരാം-ഡാമാസകസിലെ രാജാവ് ഹസായേലിന്റേയോ, ടൈറിലെ രാജാവ് എത്ബാലിന്റേയോ രൂപത്തിന്റെ ശിരോഭാഗമാകാമെന്നാണ് പുരാവസ്തുഗവേഷക സംഘാംഗവും, അസൂസാ പസഫിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറുമായ റോബര്‍ട്ട് മുള്ളിന്‍സിന്റെ അഭിപ്രായം. ചില്ലിനു സമാനമായ മിശ്രിതം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള രൂപം മണ്‍ മറഞ്ഞുപോയ രാജവംശത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ മാസാവസാനത്തോടെ അബേല്‍ ബെത്ത് മക്കാ പുരാവസ്തു മേഖലയിലെ ഗവേഷണം വീണ്ടും പുനരാരംഭിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.