News - 2025
ഗര്‍ഭഛിദ്ര ക്രൂരതയുടെ നേര്‍ക്കാഴ്ചയായുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകന്‍ 24-06-2018 - Sunday
വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്രമെന്ന മഹാക്രൂരതയെ വെളിപ്പെടുത്തുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. അമ്മയുടെ ഹൃദയവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഒരു ചരടിൽ പിടിച്ച് ഗർഭഛിദ്രത്തിന് ഉപയോഗിക്കുന്ന മാരകമായൊരു ഉപകരണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഗർഭസ്ഥ ശിശുവിനെയാണ് ചിത്രത്തിൽ കാണുന്നത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ ഓര്‍മ്മപ്പെടുത്തുന്ന ഹൃദയഭേദകമായ ചിത്രമാണെന്ന് പലരും കമന്‍റായി രേഖപ്പെടുത്തി. "നോ അൽ അബാേർട്ടോ, സി എ ലാ വിടാ" എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ജൂൺ പതിനൊന്നാം തീയതി പ്രസ്തുത പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം ഇതുവരെ നാലായിരത്തോളം ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. പിന്നീട് 'ചോയ്സ് ഫോർട്ടി ടൂ' എന്ന പ്രശസ്തമായ പ്രോ ലെെഫ് പേജിൽ ഉടനടി ഷെയർ ചെയ്യപ്പെട്ട ചിത്രത്തിന് പന്ത്രണ്ടായിരത്തിലധികം ഷെയർ അവിടെ നിന്നും ലഭിച്ചു. ഫേസ്ബുക്കിലെ മറ്റ് അനവധി പേജുകളിലും, ട്വിറ്ററിലും ചിത്രം വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.
ശസ്ത്രക്രിയ വിദഗ്ധനായി ജോലി ചെയ്ത തന്റെ നീണ്ട നാൽപ്പത് വർഷത്തെ ജീവിതത്തിനിടയിൽ ഇത്രയും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു ചിത്രം കണ്ടിട്ടില്ല എന്നും ഗർഭഛിദ്രം എന്ന മാരക വിപത്തിനെതിരെ ബോധ്യം നൽകുന്ന ചിത്രം പങ്കുവച്ചതിന് നന്ദിയെന്നും ഒരു വ്യക്തി ചിത്രത്തിനു താഴെ കുറിച്ചു. ഭ്രൂണഹത്യയെന്ന മഹാക്രൂരതയില്‍ നിന്നു പിന്‍മാറുവാന്‍ ചിത്രം അനേകര്‍ക്ക് പുതിയ ബോധ്യം സമ്മാനിക്കുമെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.