India - 2024

'മാര്‍ത്തോമ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനം'; തെളിവുകള്‍ നിരത്തി റവ. ഡോ. സേവ്യര്‍ കൂടപ്പുഴ

സ്വന്തം ലേഖകന്‍ 03-07-2018 - Tuesday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതനില്‍ 'മാര്‍ത്തോമ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനം' വിഷയത്തില്‍ സംവാദം നടത്തി. സഭാവിജ്ഞാനീയത്തില്‍ അഗാധ പാണ്ഡിത്യമുള്ള റവ. ഡോ. സേവ്യര്‍ കൂടപ്പുഴ വിശ്വാസികളുടെ സംശയങ്ങള്‍ക്കു തെളിവുകള്‍ നിരത്തി മറുപടി നല്‍കി. മാര്‍ത്തോമ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനം ഒരു ഐതീഹ്യമോ സങ്കല്പകഥയോ അല്ല എന്നു തെളിവുകള്‍ നിരത്തി റവ. ഡോ. സേവ്യര്‍ സമര്‍ഥിച്ചു.

ക്രിസ്തുവിനു നൂറ്റാണ്ടുകള്‍ക്കുമുന്പ് മെഡിറ്ററേനിയന്‍ പ്രദേശത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായ അലക്‌സാണ്ട്രിയായില്‍നിന്നു കടല്‍മാര്‍ഗവും കരമാര്‍ഗവും വിദേശികള്‍ കൊടുങ്ങല്ലൂരില്‍ വന്നതിനു വ്യക്തമായ തെളിവുണ്ട്. അപ്പോള്‍ തോമാശ്ലീഹായുടെ കേരള യാത്രയുടെ സാധ്യതകള്‍ വളരെ വലുതാണ്. മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ശ്ലീഹന്മാരുടെ പ്രബോധനം എന്ന ചരിത്രപരമായി വിലപ്പെട്ട കൃതിയിലൂടെ തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനം ആദ്യ നൂറ്റാണ്ടില്‍ തന്നെ വിദേശ നാടുകളില്‍ അംഗീകരിക്കപ്പെട്ടതാണ്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുറിയാനി സഭാ പിതാവ് മാര്‍ അപ്രേം തോമാശ്ലീഹായുടെ പേരെടുത്തു സാക്ഷ്യപ്പെടുത്തുന്നു.

തോമാശ്ലീഹായുടെ തിരുശേഷിപ്പുകളുടെ ഒരു ഭാഗം ഏദേസിലേയ്ക്കു കൊണ്ടുപോയതായി അപ്രേം പറയുന്നു. നാലാം നൂറ്റാണ്ടിലെ വിശുദ്ധ ഗ്രിഗറി നസ്രിയാന്‍സെന്‍, മിലാനിലെ വിശുദ്ധ അംബ്രോസ്, വിശുദ്ധ ജറോം എന്നിവരും തോമാശ്ലീഹായുടെ ഭാരതപ്രവേശനം സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയുള്ള ശ്രദ്ധേയമായ നിരവധി തെളിവുകള്‍ നിരത്തികൊണ്ടാണ് തോമാശ്ലീഹായുടെ ഭാരതപ്രവേശനം റവ. ഡോ. സേവ്യര്‍ കൂടപ്പുഴ സാക്ഷ്യപ്പെടുത്തിയത്.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസാപ്രസംഗം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് മോഡറേറ്റര്‍ ആയിരുന്നു. മാര്‍ത്തോമാ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊല്ലാറ നേതൃത്വം നല്‍കി.


Related Articles »