News - 2025
ഗര്‍ഭഛിദ്രം തടഞ്ഞതിന് ജയില്‍ ശിക്ഷ; അഭിമാനം ഉണ്ടെന്ന് വൈദികന്‍
സ്വന്തം ലേഖകന്‍ 07-07-2018 - Saturday
വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്രത്തിൽ നിന്നും ശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ ജയിലിൽ കിടക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് അമേരിക്കയില്‍ നിന്നുള്ള കത്തോലിക്കാ വൈദികന്‍റെ സാക്ഷ്യം. ഫാ. സ്റ്റീഫൻ ഇബരാറ്റോ എന്ന വൈദികനാണ് ജീവന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ലഭിച്ച ജയില്‍ ശിക്ഷയില്‍ സന്തോഷമുണ്ടെന്ന് തുറന്ന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബർ രണ്ടാം തീയതി വാഷിംഗ്ടണിലെ അബോർഷൻ ക്ലിനിക്കിൽ പ്രവേശിച്ച് ഗര്‍ഭഛിദ്രത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഫാ. സ്റ്റീഫനെ ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തി അഞ്ചാം തീയതി കൊളംബിയയിലെ കോടതി ഏഴു ദിവസത്തെ ജയിൽ ശിക്ഷയ്ക്കു വിധിക്കുകയായിരിന്നു.
ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഫാ. ഇബരാറ്റോ പറഞ്ഞത്, ശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ ജയിലിൽ കിടക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും, താൻ ചെയ്ത ചെറിയ ത്യാഗം ഗര്‍ഭഛിദ്രത്തിനു വിധിക്കപ്പെട്ട ശിശുകൾക്ക് ശബ്ദമാകാൻ വേണ്ടിയായിരുന്നുവെന്നുമാണ്. അമേരിക്കയിലെ ഏറ്റവും വലിയ പുരോഹിത പ്രോലെെഫ് സംഘടനയിലെ അംഗവും പ്രശസ്ത പ്രോ ലെെഫ് പ്രവർത്തകനുമാണ് ഫാ. സ്റ്റീഫൻ ഇബരാറ്റോ. മറ്റ് രണ്ട് പ്രോ ലെെഫ് പ്രവർത്തകർക്കാപ്പമായിരുന്നു പ്രസ്തുത ദിവസം ഫാ. ഇബരാറ്റോ വാഷിംഗ്ടണിലെ ക്ലിനിക്കിൽ എത്തിയത്.
അബോർഷൻ ക്ലിനിക്കിൽ പ്രവേശിച്ച് ഗര്‍ഭഛിദ്രത്തിനായി വന്ന സ്ത്രീകൾക്ക് റോസാപ്പൂക്കൾ നൽകി ഗര്‍ഭഛിദ്ര ക്രൂരതയ്ക്ക് എതിരെയുള്ള ബോധവത്ക്കരണം നടത്തുന്ന "റെഡ് റോസ് റെസ്ക്യൂ" എന്ന പേരിലറിയപ്പെടുന്ന പ്രവര്‍ത്തന രീതിയായിരുന്നു ഫാ. ഇബരാറ്റോയും അവലംബിച്ചിരുന്നത്. ജയില്‍ ശിക്ഷയോടൊപ്പം അബോർഷൻ ക്ലിനിക്കുകളിൽ പ്രവേശിക്കരുത് എന്ന് വിലക്കിയ കോടതി ഉത്തരവിനെ ബഹുമാനത്തോടെ തന്നെ തള്ളികളയുന്നതായി വൈദികന്‍ പ്രതികരിച്ചു. താൻ അധികാരത്തെ ബഹുമാനിക്കുന്നെങ്കിലും ഗര്‍ഭഛിദ്രത്തിനെ സംരക്ഷിക്കുന്ന അഴിമതി നിറഞ്ഞതും മൂല്യരഹിതവുമായ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവിനെ കാര്യമായി കാണുന്നില്ലെന്ന് ഫാ. ഇബരാറ്റോ വ്യക്തമാക്കി.