News - 2024

ജാർഖണ്ഡിൽ 16 ക്രൈസ്തവ മിഷ്ണറിമാർ അറസ്റ്റിൽ

സ്വന്തം ലേഖകന്‍ 11-07-2018 - Wednesday

ന്യൂഡൽഹി: ഗോത്ര വംശജരായ ആദിവാസികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പതിനാറ് ക്രൈസ്തവ മിഷ്ണറിമാരെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തായി റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏഴ് വനിതകളും ഉൾപ്പെടുന്നുണ്ട്. ഞായറാഴ്ച നടന്ന സംഭവം പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ന്യൂനപക്ഷ സമുദായമായ ക്രൈസ്തവരെ ലക്ഷ്യമിടുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ സമ്മര്‍ദ്ധമാണ് അറസ്റ്റിന് പിന്നിലെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടന അദ്ധ്യക്ഷൻ സാജൻ കെ.ജോർജ് അഭിപ്രായപ്പെട്ടു.

ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് മിഷ്ണറിമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിൽ ഏതാനും പേര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്ന ഇരുപത്തിയഞ്ചോളം സുവിശേഷ പ്രഘോഷകരെയാണ് പോലീസ് മതസ്വാതന്ത്ര്യത്തെ അവഗണിച്ച് അറസ്റ്റിലാക്കിയത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് മേധാവി കിഷോർ കൗഷൽ പറഞ്ഞു. 2017-ൽ ബി‌ജെ‌പി സര്‍ക്കാര്‍ പാസ്സാക്കിയ നിയമ പ്രകാരം മതപരിവർത്തനം ജാർഖണ്ഡിൽ നിയമവിരുദ്ധമാണ്.

സംസ്ഥാനത്ത് ഹിന്ദുത്വവാദികളുടെ ശക്തമായ പ്രവർത്തനമാണ് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്നതെന്ന് സാജൻ വ്യക്തമാക്കി. ഹൈന്ദവ സങ്കല്പങ്ങൾ മറയാക്കി തത്പര കക്ഷികള്‍ സംസ്കാരിക രാഷ്ട്രീയ മേഖലകളെ സ്വാധീനിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവർ നിയമ നടപടി നേരിടുമ്പോൾ ആർഎസ്എസ് സംഘം ക്രിസ്ത്യാനികളെ ഹൈന്ദവരാക്കാൻ നിർബന്ധിക്കുന്നത് സംസ്ഥാനത്തെ ക്രൈസ്തവ രഹിതമാക്കാൻ ശ്രമങ്ങളുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്.


Related Articles »