News - 2025

മദര്‍ തെരേസയുടെ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ആര്‍‌എസ്‌എസ്; അപലപിച്ച് മമത

സ്വന്തം ലേഖകന്‍ 13-07-2018 - Friday

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ ഒന്നടങ്കം അംഗീകരിച്ച മദര്‍ തെരേസയ്ക്കെതിരെ വീണ്ടും പ്രസ്താവനയുമായി ആര്‍‌എസ്‌എസ്. മദര്‍ തെരേസയ്ക്കു നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്നാണ് ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖായ രാജീവ് തുളി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരതരത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലായെന്നും മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി സര്‍ക്കാര്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു.

മിഷ്ണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസ സ്വന്തം നിലയില്‍ ആരംഭിച്ചതാണ്. ഇപ്പോഴും ഈ സ്ഥാപനത്തെ അവഗണിക്കാനാവില്ല. സ്ഥാപനത്തിന്റെ ദുഷിപ്പിക്കാന്‍ പകയോടെയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കന്യാസ്ത്രീകളെ ലക്ഷ്യംവയ്ക്കുകയാണ്. ബിജെപി ആരെയും ബാക്കിവയ്ക്കില്ല. ഇത് ശക്തമായ അപലപിക്കപ്പെടേണ്ടതാണ്. ദരിദ്രരില്‍ ദരിദ്രര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുമായി മിഷണറീസ് ഓഫ് ചാരിറ്റി മുന്നോട്ടുപോകട്ടെയെന്നും മമത പറഞ്ഞു.

ഇതിന് മുന്നെയും മദര്‍ തെരേസയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി ആര്‍‌എസ്‌എസ് രംഗത്തെത്തിയിരിന്നു. മദര്‍ തെരേസ ഇന്ത്യയില്‍ നടത്തിയ സേവനങ്ങള്‍ക്കു പിന്നില്‍ മതപരിവര്‍ത്തനം മാത്രമായിരിന്നുവെന്നു ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞത് വലിയ വിവാദത്തിന് തന്നെ കാരണമായി. ഇതിന് പിന്നാലെ വിവിധ നേതാക്കളും മദര്‍ തെരേസയെ അപമാനിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തിയിരിന്നു.


Related Articles »