News - 2025
അറബ് ക്രിസ്‌ത്യാനികൾ ഇല്ലാതാകുന്നത് വ്യാപകമായ പരിണിത ഫലം ഉളവാക്കും: മാരോണൈറ്റ് സഭാതലവൻ
സ്വന്തം ലേഖകന്‍ 27-07-2018 - Friday
ലെബനന്‍: പശ്ചിമേഷ്യയിൽ അറബ് ക്രിസ്‌ത്യാനികൾ ഇല്ലാതാകുന്നതു വ്യാപകമായ പരിണിത ഫലം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ് ബെച്ചാര ബൗട്രോസ് അൽ റാഹി. ജോർദാൻ ടെെംസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ക്രിസ്‌ത്യാനികൾ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് യുദ്ധങ്ങൾ മൂലമാണെന്നും ആഭ്യന്തര യുദ്ധങ്ങളും, തീവ്രവാദ വിരുദ്ധ പോരാട്ടവും മൂലം തകർന്ന പശ്ചിമേഷ്യയുടെ പുനര്‍നിര്‍മാണത്തിനായി ലോക രാജ്യങ്ങള്‍ ഒരുമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അഭിമുഖത്തില്‍ ക്രിസ്‌ത്യാനികൾ തങ്ങളുടെ മാതൃ രാജ്യത്ത് ആയിരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പാത്രിയര്‍ക്കീസ് റാഹി ഒാർമപ്പെടുത്തി. മാതൃ രാജ്യത്തേയ്ക്ക് തിരികെ വരാനുളള ഉദേശമില്ലാതെ പലായനം ചെയ്ത അറബ് ക്രിസ്‌ത്യാനികൾ രണ്ടു യുദ്ധങ്ങൾ നേരിടുന്നുണ്ട്. അവരെ അവിടെ നിന്നും പലായനം ചെയ്യാൻ പ്രേരിപ്പിച്ച യുദ്ധമാണ് ഒന്നാമത്തേത്. രണ്ടാമത്തെത് അവരുടെ സംസ്‌കാരവും, വ്യക്തിത്വവും നഷ്ട്ടപ്പെട്ടതാണ്. അഭയാര്‍ത്ഥികൾക്ക് വാതിൽ തുറന്നിട്ട രാജ്യങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്തതെന്നും റാഹി പറഞ്ഞു. ജോർദാൻ പ്രധാനമന്ത്രി ഒമർ റവാസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് നാലു ദിവസത്തെ ജോർദാൻ സന്ദര്‍ശനത്തിന് എത്തിയതായിരിന്നു പാത്രിയാര്‍ക്കീസ് റാഹി.