News - 2024
രാഷ്ട്രീയക്കാരുടെ കഴിവില്ലായ്മയുടെ ഇരകള്‍ പൊതുജനം: ലെബനോനിലെ രാഷ്ട്രീയ പൊള്ളത്തരം തുറന്നുകാട്ടി മാരോണൈറ്റ് പാത്രിയാര്‍ക്കീസ്
പ്രവാചക ശബ്ദം 01-06-2021 - Tuesday
ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനില്‍ സുസ്ഥിര-സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ കഴിവില്ലായ്മയെ വീണ്ടും തുറന്നുകാട്ടിക്കൊണ്ട് മാരോണൈറ്റ് സഭാതലവന്‍ കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ്. ലെബനോനില്‍ സ്വതന്ത്രവും ആധികാരികവുമായ സര്‍ക്കാര്‍ സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ പരാജയപ്പെട്ടുവെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പറഞ്ഞു. രാജ്യം നേരിട്ടുക്കൊണ്ടിരിക്കുന്ന മരുന്നിന്റേയും, അവശ്യ വസ്തുക്കളുടേയും ദൗര്‍ലഭ്യത്തെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു പാത്രിയാര്‍ക്കീസിന്റെ പരാമര്‍ശങ്ങള്‍. ചില ഉല്‍പ്പന്നങ്ങളുടെ മേലുള്ള ഇളവുകള്‍ എടുത്തുകളയുവാനുള്ള സര്‍ക്കാര്‍ നീക്കം വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.
രാഷ്ട്രീയക്കാരുടെ ഏകാധിപത്യ നയവും അത്യാര്‍ത്തിയുമാണ് പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നായി പാത്രിയാര്‍ക്കീസ് എടുത്തുപറയുന്നത്. ബാങ്ക് ഓഫ് ലെബനോന്റെ നിര്‍ബന്ധിത കരുതല്‍ ശേഖരത്തില്‍ തൊടാതെ തന്നെ ഇളവുകളെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്ന്‍ ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ്, സാമ്പത്തിക ഇളവുകളിലെ കാലതാമസവും, രാഷ്ട്രീയ തലത്തിലുള്ള കഴിവുകേടും സാധാരണ ജനങ്ങളേയാണ് ബാധിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സ്റ്റോക്ക് നിയന്ത്രണവും, കുത്തക ഇടപെടലും അവസാനിപ്പിക്കേണ്ടതും, അതിര്‍ത്തികളിലൂടെയുള്ള കള്ളക്കടത്ത് തടയുവാനുള്ള പട്രോളിംഗും ശക്തമാക്കേണ്ടതും സുരക്ഷാ സേനയുടേയും, നീതിന്യായ അധികാരികളുടേയും ചുമതലയാണെന്നും പാത്രിയാര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ലെബനോന്‍. പ്രസിഡന്റ് മൈക്കേല്‍ അവോണും, ഇടക്കാല പ്രധാനമന്ത്രി സാദ് ഹരീരിയും തമ്മിലുള്ള വിഭാഗീയതയാണ് സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രധാന തടസ്സമായി പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിസന്ധിയുടെ പരിഹാരത്തിനായി യു.എന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം, ഐക്യരാഷ്ട്ര സഭയുടെ മാധ്യസ്ഥതയില്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കണമെന്ന്‍ നിര്‍ദ്ദേശിച്ച പാത്രിയാര്‍ക്കീസ്, ലെബനോന്റെ ഭരണഘടനാപരമായ നിഷ്പക്ഷത കാത്തുസൂക്ഷിക്കണ മുന്‍ പരാമര്‍ശം ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്നു ലെബനോനില്‍ ഇന്നു ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക