News - 2025
കാരുണ്യത്തിന്റെ ഉറവ തുറന്ന് ഫാ. രാജു: പുതുജീവിതം ആരംഭിക്കുവാന്‍ ബില്ലി
സ്വന്തം ലേഖകന്‍ 30-07-2018 - Monday
കൊച്ചി: മുന്നോട്ട് എന്ത് എന്നു ചിന്തിച്ച് ജീവിതം വഴിമുട്ടി തകര്‍ന്നു പോയ നിരാലംബ ജീവിതത്തിന് പുതു ജീവനേകാന്‍ ഫാ. രാജു അഗസ്റ്റിന്‍ ഇന്ന് വൃക്ക പകുത്തു നല്‍കും. ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്ണൂര്‍ പരിയാരത്തെ ഐആര്‍സി ധ്യാനകേന്ദ്രം ഡയറക്ടറായ ഫാ. രാജു തൃശൂര്‍ ജില്ലയിലെ കാട്ടിലപൂവം വില്ലേജിലെ ചെന്നക്കര സ്വദേശി എം.കെ. ബില്ലിയെന്ന 41കാരനാണ് വൃക്ക ദാനം ചെയ്യുന്നത്. വൃക്ക ദാനത്തിന് വഴിയൊരുങ്ങിയത് വലിയ ദൈവീക പദ്ധതിയായാണ് ഫാ. രാജുവും ബില്ലിയും നോക്കികാണുന്നത്. എറണാകുളത്തെ ഒരു ദേവാലയത്തില്‍ ധ്യാനം നടക്കുന്നതിനിടെയാണ് ബില്ലി, ആദ്യമായി അച്ചനെ കാണുന്നത്. ധ്യാനത്തിന്റെ ഇടവേളയില്‍ മനസുതുറന്ന് സംസാരിക്കണമെന്നു നിറകണ്ണുകളോടെ അവന്‍ അച്ചനോട് പറഞ്ഞു.
തന്റെ മനസ്സിനും കുടുംബത്തിനും ഏറ്റ മുറിവുകള്‍ ശാരീരിക അസ്വസ്ഥതകളെ മറന്ന് നിറകണ്ണുകളോടെ അവന്‍ പങ്കുവച്ചു. തൃശൂര്‍ കിട്ടലപൂവം റൂട്ടില്‍ സ്വകാര്യ ബസിലെ ഡ്രൈവറായ ബില്ലി, ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്. രണ്ടു വര്‍ഷം മുമ്പ് ഒരു രാത്രിയില്‍ പാമ്പുകടിയേറ്റിരുന്നു. അക്കാലത്ത് ചില നാടന്‍ ചികിത്സകളൊക്കെ ചെയ്തു പ്രശ്‌നം പരിഹരിച്ചു. പക്ഷേ പിന്നീടാണ് വൃക്കകള്‍ ചുരുങ്ങുകയാണെന്ന് അറിഞ്ഞത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഏകപരിഹാരം വൃക്ക മാറ്റിവയ്ക്കണം എന്നതായിരിന്നു. ബില്ലിയുടെ തലയില്‍ കൈകള്‍ വച്ച് കുറേനേരം പ്രാര്‍ത്ഥിച്ചുവെങ്കിലും രാജു അച്ചന്റെ മനസ്സ് അസ്വസ്ഥമായിരിന്നു.
ബൈബിള്‍ തുറന്നു. ലഭിച്ചത് 'എന്റെ എറ്റവും എളിയ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്' എന്ന വചനം. ദൈവത്തിന്റെ പദ്ധതിയ്ക്കായി തന്നെ വേണമെന്ന്‍ അച്ചന്‍ തിരിച്ചറിഞ്ഞു. വൈകിയില്ല, ബില്ലിയോട് അല്‍പനേരം അവിടെ ഇരിക്കാന്‍ പറഞ്ഞ് അച്ചന്‍ ഫോണുമായി പുറത്തേക്കിറങ്ങി ഈശോ സഭയുടെ കേരള പ്രൊവിന്‍ഷ്യല്‍ ഫാ. എം.കെ. ജോര്‍ജിനെ വിളിച്ചു. തന്റെ വൃക്ക മറ്റൊരാള്‍ക്ക് ദാനംചെയ്യാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പ്രൊവിന്‍ഷ്യാള്‍ അച്ചനെ അറിയിച്ചു. അച്ചനും പൂര്‍ണ്ണ സമ്മതം.
കണ്ണുനീരോടെ തന്നെ കാത്തിരിക്കുന്ന ബില്ലിയോട് ഫാ. രാജു തീരുമാനം അറിയിച്ചു. യാതൊരു ബന്ധമോ പരിചയമോ ഇല്ലാത്ത ഒരു വൈദികന്‍ തനിക്ക് വൃക്ക ദാനംചെയ്യാമെന്നു പറയുന്നു. അവിശ്വസനീയം. വാക്കുകള്‍ക്ക് അതീതം. പൊട്ടികരയാനെ ബില്ലിക്ക് കഴിഞ്ഞുള്ളൂ. പിന്നീട് ടെസ്റ്റുകളെല്ലാം നടത്തി. ക്രോസ് മാച്ചിംഗിലും പൂര്‍ണ്ണ യോജിപ്പ്. നീണ്ട ദിവസങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ശനിയാഴ്ച ഫാ. രാജു ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ലിസി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഒരു മുറി വ്യത്യാസത്തില്‍ ബില്ലിയും. ഇന്ന് എറണാകുളം ലിസ്സി ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുകയാണ്. കാരുണ്യത്തിന്റെ ഉറവ തുറന്നു കൊടുത്ത ഫാ. രാജുവിനും പുതുജീവിതം ആരംഭിക്കുവാന്‍ ഒരുങ്ങുന്ന ബില്ലിക്കു വേണ്ടിയും നമ്മുക്ക് പ്രാര്‍ത്ഥിക്കാം.