News

ഇറാനില്‍ തടവിലാക്കിയ ക്രൈസ്തവരെ വിട്ടയക്കണമെന്ന് അമേരിക്കന്‍ കമ്മീഷന്‍

സ്വന്തം ലേഖകന്‍ 04-08-2018 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: രാഷ്ട്ര സുരക്ഷക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചുകൊണ്ട് ഇറാന്‍ സര്‍ക്കാര്‍ അന്യായമായി തടവില്‍ വെച്ചിരിക്കുന്ന വചനപ്രഘോഷകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷന്‍ (USCIRF). സുവിശേഷ പ്രഘോഷകനായ യൂസെഫ് നാടാര്‍ഖാനിയേയും, സാഹെബ് ഫദായി, യാസ്സര്‍ മൊസ്സായെബ്സാദെ, മൊഹമ്മദ്‌ റേസാ ഒമീദി എന്നീ മൂന്ന്‍ ക്രൈസ്താവ് വിശ്വാസികളെയും ഉടനടി വിട്ടയക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സയോണിസ്റ്റ് ക്രൈസ്തവതയെ പ്രോത്സാഹിപ്പിക്കുന്നു, ഭവന ദേവാലയങ്ങള്‍ നടത്തുന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നത്.

10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്. “നിയമ വ്യവസ്ഥയുടെ പുതിയ വളച്ചൊടിക്കല്‍” എന്നാണ് നടപടിയെ USCIRF വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാനിയന്‍ സര്‍ക്കാര്‍ ക്രൈസ്തവരെ മോചിപ്പിക്കുകയും, സമാധാനപരമായി തങ്ങളുടെ മതവിശ്വാസമനുസരിച്ച് ജീവിക്കുവാന്‍ അവരെ അനുവദിക്കണമെന്നും കമ്മീഷന്റെ ചെയര്‍മാനായ ടെന്‍സിന്‍ ദോര്‍ജി ആവശ്യപ്പെട്ടു. നാടാര്‍ഖാനിയെ ഇതിനു മുന്‍പും പലപ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. മതപരിത്യാഗ കുറ്റത്തിനു മൂന്ന്‍ വര്‍ഷത്തോളം അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

രാജ്യത്ത് മറ്റ് മതസ്ഥര്‍ക്കുള്ള അതേ അവകാശങ്ങള്‍ തന്നെ ക്രിസ്ത്യാനികള്‍ക്കുമുണ്ടെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി സമീപകാലത്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം സുവിശേഷ പ്രചാരണം നടത്തി എന്നാരോപിച്ചുകൊണ്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിരിന്നു. കെര്‍മാന്‍ഷായില്‍ നിന്നും അറസ്റ്റ് ചെയ്ത ക്രൈസ്തവ വിശ്വാസിയായ അമ്മയും, അവരുടെ മകനും, രാഷ്ടില്‍ നിന്നുള്ള നാല് ക്രിസ്ത്യാനികളും, ഒരു വചന പ്രഘോഷകന്റെ മകനും, അമീര്‍ സമന്‍ ദാഷ്ടി എന്ന മറ്റൊരു ക്രിസ്ത്യാനിയും ഉള്‍പ്പെടെ മാത്രം എട്ടോളം ക്രിസ്ത്യാനികള്‍ ഇറാനിലെ ‘മര്‍ദ്ദന ഫാക്ടറി’ എന്ന പേരില്‍ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുവാന്‍ കഷ്ടപ്പെടുന്ന ഇറാനിയന്‍ ഭരണകൂടത്തിന്റെ ക്രൈസ്തവ പീഡനം സമീപകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. നിയമത്തിനു പുല്ലുവില കല്‍പ്പിച്ചുകൊണ്ട് മതസ്വാതന്ത്ര്യ ലംഘനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നേരത്തെ ഇറാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിന്നു.


Related Articles »