News

ഔർ ലേഡി ഓഫ് ലെബനോന്‍: ഇരുപതു ലക്ഷത്തോളം തീര്‍ത്ഥാടകരുടെ സംഗമ കേന്ദ്രം

സ്വന്തം ലേഖകന്‍ 06-08-2018 - Monday

ബെയ്റൂട്ട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനാജാതി മതസ്ഥര്‍ സന്ദര്‍ശിക്കുന്ന ലെബനോൻ മരിയന്‍ തീർത്ഥാടന കേന്ദ്രത്തിന്റെ 110-മത് വാര്‍ഷിക ആഘോഷം ആരംഭിച്ചു. 1908 ൽ ലെബനോൻ തീരപ്രദേശത്ത് സ്ഥാപിതമായ ഔർ ലേഡി ഓഫ് ലെബനോന്‍ സന്ദര്‍ശിക്കുവാന്‍ ഓരോ വര്‍ഷവും ഇരുപതു ലക്ഷത്തോളം ആളുകളാണ് എത്തുന്നത്. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രമുഖ സ്ഥാനമാണ് ഔർ ലേഡി ഓഫ് ലെബനോനു ഉള്ളത്. 8.5 മീറ്റര്‍ ഉയരമാണ് ദൈവമാതാവിന്റെ രൂപത്തിന് ഉള്ളത്. ബെയ്റൂട്ടിന് നേരെ കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന രീതിയിലാണ് ദൈവമാതാവിന്റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്.

പരിശുദ്ധ കന്യകമാതാവിന്റെ ദേവാലയത്തിലേക്ക് ക്രൈസ്തവരെ കൂടാതെ ഇസ്ലാം മതസ്ഥരും തീർത്ഥാടനം നടത്തുക പതിവാണ്. മക്കളെ ലഭിക്കുന്നതിനായി മുസ്ലിം സ്ത്രീകൾ മെഴുകുതിരിയും പൂക്കളും സമർപ്പിച്ചാണ് ഇവിടെ പ്രാർത്ഥിക്കാറുള്ളത്. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ സംഗമമാണ് ദേവാലയമെന്നു തീർത്ഥാടന കേന്ദ്രത്തിന്റെ വൈസ് റെക്ടർ ഫാ.ഖാലിൽ അൽവൻ പറഞ്ഞു. 2016 ൽ ലെബനോനെയും മദ്ധ്യ കിഴക്കൻ രാജ്യങ്ങളെയും മാരോണൈറ്റ് പാത്രിയാർക്കീസ് ബെച്ചാര ബൗട്രോസ് അല്‍-റാഹി വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചത് ഔർ ലേഡി ഓഫ് ലെബനോന്‍ ദേവാലയത്തിൽ വച്ചായിരിന്നു. 1997-ല്‍ തീര്‍ത്ഥാടന കേന്ദ്രം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സന്ദര്‍ശിച്ചിരിന്നു.


Related Articles »