Life In Christ
ദൈവമോ പാര്‍ട്ടിയോ?; ചൈനയിലെ ക്രൈസ്തവര്‍ക്ക് ഇത് അഗ്നിപരീക്ഷണത്തിന്റെ കാലഘട്ടം
സ്വന്തം ലേഖകന്‍ 08-08-2018 - Wednesday
നാന്യാങ്ങ്: മാവോ സെതൂങ്ങിനു ശേഷം ചൈന കണ്ട തീവ്ര കമ്മ്യൂണിസ്റ്റ് നേതാവായ ഷി ജിൻപിംഗിന്റെ കീഴില്‍ രാജ്യത്തെ ക്രൈസ്തവര്‍ കടന്നുപോകുന്നത് അഗ്നിപരീക്ഷണത്തിലൂടെ. 1982-ല്‍ മതസ്വാതന്ത്ര്യം ചൈനയുടെ ഭരണഘടനയില്‍ എഴുതി ചേര്‍ത്തതിനു ശേഷം ഉണ്ടായിട്ടുള്ളതില്‍വച്ചു ഏറ്റവും വലിയ മതപീഡനത്തിലൂടെയാണ് തങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നാണ് ചൈനീസ് ക്രൈസ്തവര്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുന്നത് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ രീതിയിലാണെന്ന് ക്രൈസ്തവര്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.
ഗുവോ എന്ന് പേരായ 62 കാരനായ കടയുടമയുടെ അനുഭവം വാര്‍ത്തയില്‍ വിവരിച്ചിട്ടുണ്ട്. തന്റെ സ്ഥലത്ത് ഒരു ചെറിയ ദേവാലയം നിര്‍മ്മിക്കണമെന്ന ജീവിതാഭിലാഷം നിറവേറ്റിയ സന്തോഷത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ ദേവാലയത്തില്‍ പോലീസ് അതിക്രമിച്ചു കയറി കുരിശുരൂപം ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രമേ ആരാധനകള്‍ നടത്തുവാന്‍ പാടുള്ളൂ എന്ന് ഉത്തരവിട്ടിരിക്കുകയുമാണ്. ചൈനയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തികേന്ദ്രമായ ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഴെങ്ങ്ഴൗവിലെ ദേവാലയം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട നിലയിലാണ്. കഴിഞ്ഞ ജനുവരിയില്‍ 60 പേരടങ്ങുന്ന സംഘം ദേവാലയത്തില്‍ അതിക്രമിച്ചു കയറി ദേവാലയം നശിപ്പിക്കുകയായിരിന്നു.
ഇത്തരമൊരു കടുത്ത മതപീഡനം അടുത്ത കാലങ്ങളിലൊന്നും തങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നാണ് ഗുവോയും, അദ്ദേഹത്തിന്റെ അയല്‍ക്കാരായ ക്രൈസ്തവരും പറയുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്ന സമൂഹത്തെ കമ്മ്യൂണിസ്റ്റ് അനുകൂലികളാക്കി മാറ്റുക എന്ന ജിൻപിംഗ് സര്‍ക്കാരിന്റെ നിഗൂഢ അജണ്ടയുടെ ഭാഗമാണ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നടപടികളെന്ന് എല്ലാവരും ഒന്നടങ്കം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ചിലമാസങ്ങളായി നൂറുകണക്കിന് ഭവന ദേവാലയങ്ങളാണ് ചൈനയിലെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നത്.
ബൈബിളുകള്‍ പിടിച്ചെടുക്കുന്നത് കൊണ്ട് ജെഡി.കോം, താവോബാവോ. കോം തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ ബൈബിള്‍ തങ്ങളുടെ സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും ദേവാലയത്തില്‍ പോകുന്നതിനു കടുത്ത വിലക്കുമുണ്ട്. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ശക്തമായ നിരീക്ഷണത്തിനു കീഴിലാണെന്ന് ‘അസോസിയേറ്റഡ് പ്രസ്സ്’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിനെ ഭയന്ന്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും തങ്ങളുടെ പേര് ഭാഗികമായേ പറയാറുള്ളൂ. തങ്ങള്‍ക്കെതിരെയുള്ള ഒരു വെല്ലുവിളിയായിട്ടാണ് ചൈനീസ് ഭരണകൂടം ക്രൈസ്തവ വിശ്വാസത്തെ നോക്കികാണുന്നത്.
ക്രൈസ്തവരുടെ ഭവനങ്ങളില്‍ നിന്നും യേശുവിന്റെ ചിത്രങ്ങള്‍ മാറ്റി പകരം ഷി ജിൻപിംഗിന്റെ ചിത്രങ്ങള്‍ വെക്കുവാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത് വന്‍ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ചൈനയില്‍ ക്രൈസ്തവ വിശ്വാസമുണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. പീഡനത്തെ അതിജീവിച്ച് ലോകത്ത് ഏറ്റവുമധികം ക്രിസ്ത്യാനികളുള്ള രാഷ്ട്രമായി ചൈന മാറുമെന്നാണ് വിവിധ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.