News - 2024

എത്യോപ്യ കത്തുന്നു; 6 വൈദികര്‍ കൊല്ലപ്പെട്ടു, 7 ദേവാലയങ്ങള്‍ അഗ്നിക്കിരയായി

സ്വന്തം ലേഖകന്‍ 09-08-2018 - Thursday

ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ എത്യോ-സോമാലി സംസ്ഥാനത്തിലെ ജിജിഗാ ഉള്‍പ്പെടുന്ന മേഖലയില്‍ വംശീയ ആക്രമണങ്ങളെ തുടര്‍ന്നു 6 വൈദികര്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടു. ഏഴോളം എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്തു. ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിലാണ് ആക്രമണങ്ങള്‍ക്ക് തുടക്കമായത്.

ഡിരേ ദാവുവാ നഗര പ്രതിനിധികളും പ്രാദേശിക പാര്‍ലമെന്റംഗങ്ങളും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൊമാലി മേഖലയിലെ പ്രസിഡന്റായ അബ്ദി ഇല്ലിയുടെ ഉത്തരവിനെ തുടര്‍ന്നു പ്രത്യേക സേനയായ ലിയു മിലീഷ്യ തടസ്സപ്പെടുത്തതിനെ തുടര്‍ന്നാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഒമോറോ ഗോത്രവും, സോമാലി ജനതയും തമ്മിലുള്ള വംശീയകലാപമാണിതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രശ്നത്തില്‍ കേന്ദ്ര സൈന്യം ഇടപെട്ടുകഴിഞ്ഞു. പ്രാദേശിക പാര്‍ലമെന്റ് കെട്ടിടം, അബ്ദി ഇല്ലിയുടെ വസതി തുടങ്ങിയ പൊതു കെട്ടിടങ്ങള്‍ എത്യോപ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.

പ്രാദേശിക ഭരണകൂടവും, എത്യോപ്യന്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതേസമയം ആക്രമണങ്ങള്‍ മൂലം ഭവനരഹിതരായ ഇരുപതിനായിരത്തോളം എത്യോപ്യക്കാര്‍ക്ക് ജിജിഗായിലെ ക്രൈസ്തവ സമൂഹമാണ് സഹായം നല്‍കിവരുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാത്രിയാര്‍ക്കീസ് മത്തിയാസ്‌ I ന്റെ നേതൃത്വത്തില്‍, എത്യോപ്യയിലെ തെവാഹെഡോ ഓര്‍ത്തഡോക്സ് സഭാ സുനഹദോസ് 16 ദിവസത്തെ പ്രാര്‍ത്ഥനയും, ഉപവാസവും നടത്തുവാന്‍ പദ്ധതി തയാറാക്കിയിരിക്കുകയാണ്.


Related Articles »