News - 2025
സിംബാബ്‌വേയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പരിഹരിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതി
സ്വന്തം ലേഖകന്‍ 10-08-2018 - Friday
ഹരാരെ: തെക്കേ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് സമാധാന ശ്രമവുമായി ദേശീയ മെത്രാന്‍ സമിതി. തിരഞ്ഞെടുപ്പിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി സര്‍ക്കാരും, പ്രതിപക്ഷവും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നടത്താനാണ് സിംബാബ്‌വേയിലെ മെത്രാന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 30ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പോടെയാണ് സിംബാബ്‌വേയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തിരഞ്ഞെടുപ്പില്‍ എമ്മേഴ്സണ്‍ എംനാന്‍ഗാഗ്വാ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ നേതാവായ നെല്‍സണ്‍ ചമീസാ തിരഞ്ഞെടുപ്പ് ഫലത്തെ വെല്ലുവിളിച്ചുകൊണ്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് തര്‍ക്കമോ, അതിര്‍ത്തി പ്രശ്നമോ എന്തുതന്നെ ആയാലും ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിക്കുവാന്‍ സഭ തയ്യാറാണെന്ന് സിംബാബ്‌വേ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറിയായ ഫാ. ഫ്രഡറിക്ക് ചിരോംബാ പറഞ്ഞു. വോട്ടിംഗില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചുകൊണ്ടു തലസ്ഥാന നഗരമായ ഹരാരെയില്‍ പ്രതിഷേധം നടത്തിയ പ്രതിഷേധക്കാരെ സുരക്ഷാസൈന്യം വെടിവെച്ച് കൊന്നത് വലിയ പ്രക്ഷോഭങ്ങള്‍ക്കു കാരണമായിരുന്നു. കത്തോലിക്കാ സഭയും ഇതിനെ അപലപിച്ചുകൊണ്ട് രംഗത്തെത്തി.
നിരായുധരായ പൊതുജനങ്ങളെ ആയുധങ്ങളുപയോഗിച്ച് നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സിംബാബ്‌വേയിലെ കത്തോലിക്കാ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് അഭിപ്രായപ്പെട്ടു. കൊലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് സുരക്ഷാ സേന മാപ്പ് പറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഒറ്റക്കെട്ടായി മുന്നേറുകയാണെങ്കില്‍ പുരോഗതി താനേവരുമെന്നും ഫാ. ഫ്രഡറിക്ക് ചിരോംബാ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഇടവകകളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും വഴി സഭ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഏതാണ്ട് 1.6 കോടിയോളം വരുന്ന ജനസംഖ്യയുള്ള സിംബാബ്‌വേയിലെ ജനങ്ങള്‍ ശരാശരി ഒരു ഡോളര്‍ കൊണ്ടാണ് ഒരു ദിവസം തള്ളി നീക്കുന്നത്. ഈ സാഹചര്യത്തോടൊപ്പം തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്.