News - 2025
കോപ്റ്റിക് ബിഷപ്പിന്റെ കൊലപാതകം: മുൻ സന്യാസിയെ കുറ്റം ചുമത്തി
സ്വന്തം ലേഖകന്‍ 13-08-2018 - Monday
കെയ്റോ: ഈജിപ്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ട സംഭവത്തില്‍ മുൻ സന്യാസിയെ കുറ്റം ചുമത്തി. ഐസക് അൽ മക്കാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുൻ സന്യാസി വെയ്ൽ സാദിനെതിരെയാണ് അലക്സാൻഡ്രിയയിലെ പ്രോസിക്യൂട്ടർ കുറ്റം ചുമത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിൽ നിന്ന് 110 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള അബു മാക്കർ ആശ്രമത്തിൽ കഴിഞ്ഞ മാസം 29ന് ആണ് അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസ് കൊല്ലപ്പെട്ടത്.
സന്യാസവൃത്തിയിൽ വീഴ്ച വരുത്തിയതിന് വെയ്ൽ സാദിനെതിരെ സഭ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബിഷപ്പിന്റെ കൊലപാതകത്തിൽ അദ്ദേഹത്തിന് പങ്കുള്ളതായി കരുതുന്നില്ലെന്നായിരുന്നു കോപ്റ്റിക് സഭ പ്രതികരിച്ചത്. കൊലപാതകത്തെ തുടർന്ന് പുരോഹിതർക്കും മറ്റു പ്രവർത്തകർക്കും സഭ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മുസ്ളിം രാഷ്ട്രമായ ഈജിപ്തിൽ പത്ത് ശതമാനത്തോളമാണ് ക്രൈസ്തവ ജനസംഖ്യ.