News - 2025

യുവജനങ്ങള്‍ സഭയോട് വിശ്വസ്തരായിരിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 13-08-2018 - Monday

വത്തിക്കാന്‍ സിറ്റി: യുവജനങ്ങള്‍ ദൈവത്തിനെന്നപോലെ, സഭയ്ക്കും ലോകത്തിനും ഏറെ വിലപ്പെട്ടവരാണെന്നും യുവജനങ്ങള്‍ സഭയോട് വിശ്വസ്തരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. 2019 ജനുവരിയില്‍ തെക്കേ അമേരിക്കയിലെ പനാമയില്‍ നടക്കുവാന്‍ പോകുന്ന ലോക യുവജന സംഗമത്തിന് ഒരുക്കമായി നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. ദൈവത്തിനു ഒരു നിശ്ചിത പദ്ധതിയുണ്ട് എന്ന വസ്തുത ഒരു കാരണത്താലും നമ്മുടെ ജീവിത പ്രശ്നങ്ങളെ കുറയ്ക്കുകയോ അനിശ്ചിതത്വങ്ങള്‍ ഇല്ലാതാക്കുകയോ ചെയ്യുന്നില്ലായെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ദൈവകൃപ നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ സ്പര്‍ശിക്കുകയും അവയിലൂടെ തന്‍റെ അത്ഭുതാവഹമായ പദ്ധതികള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. യുവജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ ഉണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സഭയ്ക്കു യുവജനങ്ങളില്‍ ഏറെ വിശ്വാസമുണ്ടെന്ന് മനസ്സിലാക്കണം. അതിനാല്‍ മറുഭാഗത്ത് യുവജനങ്ങളും സഭയോട് വിശ്വസ്തരായിരിക്കണം. ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയതിനാലാണ് മറിയം ജീവിതത്തില്‍ ഭയപ്പെടാതിരുന്നത്. 'കൃപ' എന്നാല്‍ നിരുപാധികം നമുക്കായി ദൈവം നല്കുന്ന സ്നേഹമാണ്. അത് ഒരാള്‍ അര്‍ഹിക്കുന്നതാകണമെന്നില്ല. ദൈവകൃപയും അവിടുത്തെ അനുഗ്രഹ സാമീപ്യവും സാന്നിധ്യവും ജീവിതദൗത്യവും കഴിവുകളും നാം എഴുതിക്കൊടുത്ത് നേടിയെടുക്കുന്നതല്ല.

ദൈവദൂതന്‍ മറിയത്തെ അറിയിച്ചത് അവള്‍ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഭാവിയില്‍ കൃപ കണ്ടെത്തുമെന്നല്ല, ഇപ്പോള്‍ ദൈവകൃപ ഉള്ളവളായിരിക്കുന്നുവെന്നാണ്. ദൈവകൃപ അന്യൂനമാണെന്നും, അത് താല്ക്കാലികമോ, കടന്നുപോകുന്നതോ അല്ലെന്നുമാണ് ദൈവദൂതന്‍റെ ഈ അഭിവാദ്യശൈലി വ്യക്തമാക്കുന്നത്. അത് ഒരിക്കലും നിന്നുപോകില്ല, അറ്റുപോകില്ല. ജീവിതത്തിന്‍റെ വര്‍ത്തമാനത്തിലും ഭാവിയിലും, ഇരുട്ടിലും വ്യഥകളുടെ നടുവിലും ദൈവകൃപ നമ്മോടൊപ്പം ഉണ്ടായിരിക്കും.

ജീവിതദൗത്യങ്ങളെ ആത്മവിശ്വാസത്തോടെ ആശ്ലേഷിക്കാനും അതില്‍ മുന്നേറാനും ദൈവകൃപയുടെ നിറഞ്ഞ സാന്നിധ്യമാണ് നമുക്ക് സഹായകമാകുന്നത്. അതുപോലെ നമ്മുടെ ജീവിത തിരഞ്ഞടുപ്പ് അനുദിനം നവീകരിക്കപ്പെടേണ്ടതാണ്. അത് ഏറെ സമര്‍പ്പണവും വിശ്വസ്തതയും ആവശ്യപ്പെടുന്നുണ്ട്. ദൈവം ആഗ്രഹിക്കുന്നതുപോലെ സഭയും ലോകവും യുവജനങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു.


Related Articles »