News - 2025
പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്തുക, സഹായിക്കുക: സര്‍ക്കുലറുമായി കെസിബിസി
സ്വന്തം ലേഖകന്‍ 17-08-2018 - Friday
കൊച്ചി: പ്രളയക്കെടുതിയില്‍നിന്നു കേരളജനതയ്ക്കു മോചനം ലഭിക്കാനും ദുരന്തമനുഭവിക്കുന്നവര്‍ക്കു സാന്ത്വനം ലഭിക്കാനും ദൈവസന്നിധിയിലേക്കു പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്താന്‍ ആഹ്വാനവുമായി കെസിബിസി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നേരത്തെ ഉപവാസം നടത്തി തുക നല്‍കണമെന്നും എല്ലാ സന്യസ്തസമൂഹങ്ങളും കത്തോലിക്കാസ്ഥാപനങ്ങളും ഇടവകകളും ഇക്കാര്യത്തില്‍ ആത്മാര്‍ഥമായി സഹകരിക്കണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു. എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ദിവ്യകാരുണ്യസന്നിധിയില്‍ സമൂഹപ്രാര്‍ത്ഥന നടത്തണം.
വിശുദ്ധ ബലിയര്‍പ്പണം, ദിവ്യകാരുണ്യ ആരാധന, ജപമാല, പരിത്യാഗ പ്രവൃത്തികള്‍ തുടങ്ങിയവയിലൂടെ അവശത അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണം. സഭാ സ്ഥാപനങ്ങളില്‍ നല്ലൊരു പങ്കും ഇപ്പോള്‍ത്തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വലിയതോതില്‍ സാമ്പത്തികവും അല്ലാതെയുമുള്ള സമാഹരണങ്ങള്‍ ദുരിതബാധിതര്‍ക്കായി ഇടവകതോറും നടക്കുന്നുമുണ്ട്. ഓഗസ്റ്റ് 26ഓടെ പിരിച്ചെടുക്കുന്ന തുക മാസാവസാനത്തിനു മുന്‍പുതന്നെ കെസിബിസി സെക്രട്ടേറിയേറ്റില്‍ എത്തിക്കണം.
തുക ഭാരതത്തിലെ എല്ലാ രൂപതകളില്‍നിന്നു ശേഖരിക്കുന്ന സംഭാവനകളുമായി കൂട്ടിച്ചേര്‍ത്തു സിബിസിഐയുടെ ആഭിമുഖ്യത്തില്‍ കാരിത്താസ് ഇന്ത്യ വഴി കേരളത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സര്‍ക്കുലറില്‍ പറഞ്ഞു. കെസിബിസിയുടെ സാമൂഹിക ക്ഷേമവിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറവും കാരിത്താസ് ഇന്ത്യയും രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്.
സഭയുടെ എല്ലാ ആരോഗ്യശുശ്രൂഷാ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കണം. യുവജനങ്ങള്‍ രൂപത സാമൂഹ്യക്ഷേമവിഭാഗവുമായി സഹകരിച്ച് സന്നദ്ധ സേനയായി പ്രവര്‍ത്തിക്കണം. ദുരന്തനിവാരണത്തിനായി ക്രിയാത്മകമായി ഇടപെടുന്ന കേരള സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ബന്ധപ്പെട്ട വകുപ്പുകളെയും മാധ്യമപ്രവര്‍ത്തകരെയും സംഘടനകളെയും വ്യക്തികളെയും അഭിനന്ദിക്കുന്നതായും കെസിബിസി സര്‍ക്കുലറില്‍ കുറിച്ചു.