News - 2025
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ പുതിയ നിയമനം
സ്വന്തം ലേഖകന്‍ 21-08-2018 - Tuesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയായി വെനസ്വേല സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ പീന പരായെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കര്‍ദ്ദിനാള്‍ ജിയോവാന്നി ആഞ്ചലോ ബെച്ചിയോ മാള്‍ട്ടയിലെ മിലിട്ടറി സഖ്യത്തിന്‍റെ ആത്മീയോപദേഷ്ടാവായി നിയമിച്ചതിനെ തുടര്‍ന്നു ഒഴിവ് വന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്‍റെ അപ്പസ്തോലക സ്ഥാനപതിയായി സേവനം ചെയ്തുവരികെയാണ് ആര്‍ച്ച് ബിഷപ്പ് പീനക്കു പുതിയ നിയമനം ലഭിച്ചത്.
അന്‍പത്തിയെട്ടുകാരനായ ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ സഭാനിയമ പണ്ഡിതനും, നയതന്ത്ര വിദഗ്ദ്ധനുമാണ്. പാക്കിസ്ഥാനിലെയും മൊസാംബിക്കിലെയും വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചതിനെ പുറമേ കെനിയ, യുഗോസ്ലാവിയ, യുഎന്നിന്‍റെ ജനീവ കേന്ദ്രം, ദക്ഷിണാഫ്രിക്ക, ഹോണ്ടൂറാസ്, മെക്സിക്കോ എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒക്ടോബര്‍ 15നു സ്ഥാനമേല്‍ക്കും.