News
മുന്നൂറോളം വര്‍ഷം പഴക്കമുള്ള ദേവാലയം ചൈനീസ് ഭരണകൂടം തകര്‍ത്തു
സ്വന്തം ലേഖകന്‍ 27-08-2018 - Monday
ക്വിയാൻവാങ്: ക്രൈസ്തവ ദേവാലയങ്ങൾ തകര്‍ക്കുന്ന ചെെനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര നടപടി വീണ്ടും തുടരുന്നു. നഗര വികസനത്തിന് എന്ന വ്യാജേന കഴിഞ്ഞ ആഴ്ച ഭരണകൂടം കത്തോലിക്ക ദേവാലയം തകർത്തതാണ് ഒടുവിലത്തെ സംഭവം. ചെെനയിലെ ക്വിയാൻവാങ് എന്ന പ്രവിശ്യയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയം ആഗസ്റ്റ് പതിമൂന്നാം തീയതി ഉച്ചയ്ക്ക് നൂറോളം വരുന്ന ഒരു സംഘം ആളുകളെത്തി തകർക്കുകയായിരുന്നു. ഗവണ്‍മെന്‍റ് അയച്ച അക്രമി സംഘം ദേവാലയത്തിലെ രൂപങ്ങളും പല വിശുദ്ധ വസ്തുക്കളും എറിഞ്ഞുടച്ചു.
സംഭവം നടന്നതിന്റെ പിറ്റേന്ന് ഏകദേശം എഴുപതോളം വിശ്വാസികളും, രണ്ടു പുരോഹിതരും പ്രതിഷേധം പ്രകടനം നടത്തി. നഗരത്തിലെ സർക്കാർ ആസ്ഥാനത്തിനു മുന്‍പിൽ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ 'ഞങ്ങളുടെ ദേവാലയം ഞങ്ങൾക്ക് തിരികെ തരൂ', 'ഞങ്ങളുടെ ഹൃദയം ഞങ്ങൾക്ക് തിരികെ തരൂ' എന്നെഴുതിയ ബോർഡുകള്‍ വഹിച്ചാണ് വിശ്വാസികള്‍ റാലി നടത്തിയത്. 1750-ലാണ് ക്വിയാൻവാങ്ങിലെ ദേവാലയം നിർമിച്ചത്. മാവോയുടെ ഭരണകാലത്ത് സർക്കാർ ഏറ്റെടുത്ത ദേവാലയം പിന്നീട് സഭയ്ക്ക് തിരികെ ലഭിക്കുകയായിരുന്നു. എന്നാൽ ഏതാനും വർഷം മുൻപ് ദേവാലയം തകർക്കാനുളള തീരുമാനം സർക്കാർ തലത്തില്‍ നടന്നുവരികയായിരിന്നു.
ദേവാലയം ഇരിക്കുന്ന സ്ഥലത്ത് ഒരു പാർക്കും, പാർപ്പിട സമുച്ചയവും പണിയുകയെന്നാണ് സര്‍ക്കാര്‍ പൊതുജനത്തെ അറിയിച്ചത്. സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിനു പകരമായി വേറൊരു സ്ഥലം കണ്ടെത്തി തരാം എന്നു അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും സർക്കാർ വാക്കുപാലിച്ചില്ല. ഒരു മാസം മുൻപ് ഇതേ കാരണങ്ങൾ പറഞ്ഞ് സമീപം മറ്റൊരു കത്തോലിക്കാ ദേവാലയം സർക്കാർ സംഘം തകർത്തിരുന്നു. ചെെനയിൽ ക്രൈസ്തവ വിശ്വാസത്തിന് സംഭവിക്കുന്ന വളർച്ചയിൽ വിറളി പിടിച്ചാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് അന്താരാഷ്ട്ര വിലയിരുത്തല്‍.