News

വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുതം; തിരുവോസ്തി വീണ്ടും ദേവാലയത്തിലേക്ക്

സ്വന്തം ലേഖകന്‍ 31-08-2018 - Friday

തലശ്ശേരി: നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വിളക്കന്നൂര്‍ ദേവാലയത്തില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതത്തില്‍ കൂടുതല്‍ പഠനവും നിര്‍ദ്ദേശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്. 2013 നവംബർ 15നു ഫാ. തോമസ് പതിക്കൽ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെട്ട തിരുവോസ്തി വത്തിക്കാന്‍ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നത് പ്രകാരം അതിരൂപതാ കാര്യാലയത്തില്‍ സൂക്ഷിക്കുകയായിരിന്നു. നാലുവര്‍ഷത്തിലധികമായി അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തിക്ക് യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ദിവ്യകാരുണ്യം വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

വിളക്കന്നൂർ പള്ളിയിലേക്ക് തിരുവോസ്തി നൽകുന്നതിലൂടെ പ്രസ്തുത സംഭവത്തെ ദിവ്യകാരുണ്യ അത്ഭുതമായി സഭ ഔദ്യോഗികമായി അംഗീകരിച്ചു എന്ന് അർത്ഥമാക്കുന്നില്ലായെന്നും ദിവ്യകാരുണ്യ അടയാളത്തെ കൂടുതൽ പഠിക്കുന്നതിനും പ്രസ്തുത തിരുവോസ്തിയുടെ സാന്നിധ്യത്തിലൂടെ സംഭവിക്കാനുള്ള തുടർ അടയാളങ്ങളെ നിരീക്ഷിക്കാനുമാണ് ഇപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതെന്ന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഇടയലേഖനത്തില്‍ കുറിച്ചു.

തിരുവോസ്തിയെ വിശുദ്ധ കുർബാനയായിട്ടല്ല ഒരു തിരുശേഷിപ്പ് ആയിട്ടാണ് പരിഗണിക്കേണ്ടത്. ദൈവീകമായ അടയാളം വെളിപ്പെട്ട ദിവ്യകാരുണ്യ തിരുശേഷിപ്പായി തിരുവോസ്തിയെ കാണണം. തിരുവോസ്തി പരസ്യവണക്കത്തിനായി ഉപയോഗിക്കാമെന്നതിനാൽ വിശ്വാസികൾക്ക് തിരുവോസ്തിക്ക് മുന്നിൽ പ്രാർത്ഥിക്കാവുന്നതാണ്. ഇതുവഴി സംഭവിക്കുന്ന അടയാളങ്ങളും സ്വഭാവിക സൗഖ്യങ്ങളും പ്രത്യേകം രേഖപ്പെടുത്തി ശാസ്ത്രീയ തെളിവുകള്‍ സൂക്ഷിക്കേണ്ടതാണ്. ഇവ സഭയുടെ തുടർപഠനങ്ങൾക്കു സഹായകരമാണെന്നും ആര്‍ച്ച് ബിഷപ്പ് അതിരൂപതയുടെ ബുള്ളറ്റിനായ 'ഗിരിദീപ'ത്തില്‍ പുറപ്പെടുവിച്ച സന്ദേശത്തില്‍ രേഖപ്പെടുത്തി.

നേരത്തെ വിളക്കന്നൂര്‍ സംഭവത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ വിശദമായ പഠനം നടത്തുകയും പ്രസ്തുത സംഭവം ഒരു ദിവ്യകാരുണ്യ അത്ഭുതം ആയി ഉയര്‍ത്തപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വരുന്ന സെപ്റ്റംബര്‍ 20നു തിരുവോസ്തി, തലശ്ശേരി അതിരൂപതാ കാര്യാലയത്തില്‍ നിന്നും വിളക്കന്നൂര്‍ ദേവാലയത്തിലേക്ക് കൊണ്ടുപോകും.


Related Articles »