News
ഗര്‍ഭഛിദ്ര ബില്ലിനെതിരെ ഓസ്ട്രേലിയായില്‍ പ്രതിഷേധമിരമ്പുന്നു; ആയിരങ്ങള്‍ തെരുവിലിറങ്ങി
സ്വന്തം ലേഖകന്‍ 04-09-2018 - Tuesday
ബ്രിസ്ബേന്‍: ഗര്‍ഭഛിദ്രം നിയമപരമാക്കുവാനുള്ള ഓസ്ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്‍ഡ് ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ തലസ്ഥാന നഗരമായ ബ്രിസ്ബേനില്‍ വന്‍ പ്രതിഷേധ റാലി. സെന്‍ട്രല്‍ ബിസിനസ്സ് ഡിസ്ട്രിക്ടിലെ (CBD) ജോര്‍ജ്ജ് സ്ട്രീറ്റില്‍ സെപ്റ്റംബര്‍ 1ന് നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ നാലായിരത്തിലധികം പേരാണ് പങ്കെടുത്തത്. “ലൈഫ്, ലൈഫ്, ലൈഫ്”, “പ്രോലൈഫ്-പ്രോവുമണ്‍” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ട് വെള്ള നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്.
അബോര്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള നീക്കത്തെ റാലിയില്‍ പങ്കെടുത്തവര്‍ ശക്തമായി അപലപിച്ചു. “ദൈവത്തിന്റെ നിയമത്തില്‍ ജീവന്‍ എടുക്കുവാനുള്ള അധികാരം ആര്‍ക്കുമില്ല” എന്നു റാലിയില്‍ പങ്കെടുത്ത കെവിന്‍ ടൂണെ തുറന്നുപറഞ്ഞു. കഴിഞ്ഞ മാസം അറ്റോര്‍ണി ജനറല്‍ യിവെറ്റെ ഡി’അത്ത് ആണ് ‘ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ബില്‍ 2018’ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം ഒക്ടോബറില്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ചചെയ്യുവാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്. രാഷ്ട്രീയക്കാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ നിരവധിപേര്‍ ഈ ബില്ലിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.
ഓരോ ജീവനും കേള്‍ക്കപ്പെടേണ്ടതും, വിലമതിക്കപ്പെടേണ്ടതുമാണെന്നു ക്വീന്‍സ്-ലാന്‍ഡ് ലിബറല്‍ സെനറ്റര്‍ അമാന്‍ഡ സ്റ്റോക്കര്‍ പറഞ്ഞു. ബില്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ 22 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭസ്ഥശിശുക്കളെ ആവശ്യമനുസരിച്ച് നിയമപരമായി ഗര്‍ഭഛിദ്രം ചെയ്യുവാന്‍ സാധിക്കുമെന്നും, ഇക്കാര്യത്തില്‍ പ്രീമിയറും, ഡെപ്യൂട്ടി പ്രീമിയറും, അറ്റോര്‍ണി ജെനറലും പുകമറ സൃഷ്ടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഭേദഗതി പ്രകാരം 22 ആഴ്ചയിലധികം പ്രായമുള്ള ഭ്രൂണങ്ങളെ വെറും രണ്ടു ഡോക്ടര്‍മാരുടെ സമ്മതത്തോടെ അബോര്‍ഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമത്തിന്റെ പേരില്‍ നിശിതമായ വിമര്‍ശനമാണ് ലേബര്‍ പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്.