News

മനസ്സ് പതറിയവരുടെ വയറും ഹൃദയവും നിറച്ച് 'മിതാപൂരിന്റെ മദർ തെരേസ'

സ്വന്തം ലേഖകന്‍ 04-09-2018 - Tuesday

മിതാപുർ: ഗുജറാത്തിലെ തെരുവീഥികളിൽ മാനസിക രോഗികളായി അലയുന്നവര്‍ക്ക് കരുതലിന്റെ തണല്‍ ഒരുക്കി മലയാളി കന്യാസ്ത്രീ എൽസി വടക്കേകരയുടെ മഹത്തായ മാതൃക. എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന പാവങ്ങളില്‍ ക്രിസ്തുവിനെ കണ്ട് ശുശ്രൂഷ ചെയ്യുന്ന സിസ്റ്റഴ്സ് ഓഫ് സെന്‍റ് ആൻ സഭാംഗമായ സിസ്റ്റര്‍ എൽസിയെ 'മിതാപൂരിന്റെ മദർ തെരേസ' എന്ന പേരു നല്‍കിയാണ് ഏവരും ആദരിക്കുന്നത്. എൺപതിനടുത്ത് വയസ്സായ ഈ സന്യാസിനി തന്റെ വാര്‍ദ്ധക്യത്തെ അവഗണിച്ചും ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത നിരവധി മാനസിക രോഗികള്‍ക്ക് അനുദിനം ഭക്ഷണവും സാന്ത്വനവും നല്കുകയാണ്.

വിശപ്പിന്റെ പാര്യമത്തിൽ ചാണകം കഴിക്കുന്ന ഒരു മാനസിക രോഗിയുടെ അവസ്ഥ ടൈറ്റസ് എന്ന വൈദികന്‍ പങ്കുവെച്ചപ്പോൾ ഉണ്ടായ മാനസിക വ്യഥയാണ് ഉദ്യമത്തിന്റെ തുടക്കമെന്ന് സിസ്റ്റർ പറയുന്നു. 2010 ൽ ആരംഭിച്ച ശുശ്രൂഷ ഇന്നും തുടർന്ന് കൊണ്ട് പോകുന്നതിന്റെ സന്തോഷവും അവർ പങ്കുവെച്ചു. കരുണയുടെ സുവിശേഷം പ്രഘോഷിക്കുന്ന സിസ്റ്റര്‍ക്ക് പിന്തുണയുമായി നാനാജാതി മതസ്ഥരായ സഹോദരങ്ങള്‍ രംഗത്തുണ്ടെന്നും ശ്രദ്ധേയമാണ്. അവഗണിക്കപ്പെട്ടവരോടുള്ള സിസ്റ്ററിന്റെ മഹത്തായ ശുശ്രൂഷയില്‍ ഭാഗഭാക്കാകുവാന്‍ ഞായറാഴ്ചകളിൽ താനും കുടുംബവും ഭക്ഷണമുണ്ടാക്കി നല്‍കുന്നുവെന്ന് ഹൈന്ദവ പുരോഹിതൻ ഹസ്മുഖ് ഭാരതി പറഞ്ഞു. മാതൃത്വ സഹജമായ സ്നേഹത്തോടെ രോഗികളെ പരിചരിച്ച് ഭക്ഷണം നല്കുന്ന സിസ്റ്റര്‍ എൽസിയുടെ നിസ്വാർത്ഥമായ സേവനം തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനസിക രോഗികൾ സമൂഹത്തിലെ ശപിക്കപ്പെട്ടവരായി പരിഗണിക്കുന്ന കാലഘട്ടത്തിൽ അവർക്കാവശ്യമായ ഭക്ഷണവും വെള്ളവും നല്കി ശുശ്രൂഷിക്കുന്ന സിസ്റ്ററിനൊപ്പം സിരുക എന്ന ഹൈന്ദവനും സഹായിക്കുന്നു. തികഞ്ഞ മദ്യപാനിയായിരിന്ന അദ്ദേഹമിപ്പോൾ മാനസാന്തരപ്പെട്ട് ഡ്രൈവറായി സിസ്റ്ററിന്റെയൊപ്പം ശുശ്രൂഷയ്ക്കു സഹായിക്കുന്നു. ഒരോരുത്തരുടെയും ആവശ്യം കണ്ടറിഞ്ഞ് ഭക്ഷണം നല്കാൻ സിസ്റ്ററിന് പ്രത്യേക കഴിവാണെന്ന് സിരുക അഭിപ്രായപ്പെട്ടു. മിതാപുർ വീഥികളിൽ സിസ്റ്ററിന്റെ വാഹനം കടന്നു പോകുമ്പോൾ നിരവധിയാളുകളാണ് ഭക്ഷണത്തിനായി കാത്തു നില്ക്കുന്നത്. നാൽപത്തിയഞ്ചോളം രോഗികൾക്ക് സിസ്റ്റർ അനുദിനം ഭക്ഷണം ഉണ്ടാക്കി നല്കുന്നു.

നൊന്തുപ്പെറ്റ മക്കളെ പോലെ ഓരോരുത്തരെയും പേര് ചൊല്ലി വിളിച്ച് ഭക്ഷണം നല്കുന്ന സിസ്റ്റർ, അവരുടെ ശിരസ്സില്‍ കൈവച്ച് പ്രാർത്ഥിച്ചു തന്റെ ശുശ്രൂഷയെ കൂടുതല്‍ മനോഹരമാക്കുന്നു. എല്ലാവരിലും ഈശോയുടെ മുഖമാണ് കാണുന്നതെന്ന് സിസ്റ്റര്‍ എൽസി പറയുന്നു. മുപ്പത്തിയേഴ് വർഷം നേഴ്സായി സേവനമനുഷ്ഠിച്ചതിനേക്കാൾ സംതൃപ്തിയാണ് ഇപ്പോള്‍ ഉള്ളതെന്ന് സിസ്റ്റര്‍ പറയുന്നു. രാവിലെ മൂന്ന് മണിക്ക് ഉണരുന്ന സിസ്റ്റർ വ്യക്തിഗത പ്രാർത്ഥനയ്ക്കു ശേഷം സഭാംഗങ്ങളോടൊപ്പം വിശുദ്ധ ബലിയിൽ പങ്കുചേർന്ന് സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യും.

തുടര്‍ന്നാണ് പാവങ്ങള്‍ക്ക് ആഹാര വിതരണത്തിന് ഇറങ്ങുന്നത്. വിതരണത്തിനു ശേഷം ആശുപത്രിയിലെ രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്ക് സാന്ത്വനം നല്‍കിയതിന് ശേഷമാണ് മഠത്തിലേക്കുള്ള മടക്കം. സമൂഹത്തിൽ നിന്നും തഴയപ്പെട്ട് ദാരിദ്ര്യമനുഭവിക്കുന്നവരെ സ്വന്തം സഹോദരരായി കാണുന്ന സിസ്റ്ററിന്റെ സ്നേഹത്തിന് മുന്നിൽ നമിക്കുന്നതായി സിരുകയുടെ സഹോദരൻ പറഞ്ഞു. സിസ്റ്റര്‍ എൽസി, നാടിനൊരു അനുഗ്രഹമാണ്. രാഷ്ട്രിയ വൈര്യം മറന്ന് പരസ്പരം സ്നേഹിക്കാൻ സിസ്റ്ററിന്റെ മാതൃക പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു.

പ്രാദേശിക സമൂഹവും രാഷ്ട്രീയ പ്രവർത്തകരും 'മിതാപൂരിന്റെ മദര്‍ തെരേസ'യുടെ സേവനത്തിനാവശ്യമായ സംഭാവനകളും പച്ചക്കറികളും ആവശ്യാനുസരണം നല്കി പിന്തുണ നല്‍കുന്നുണ്ട്. കാരുണ്യത്തിന്റെ കരങ്ങള്‍ കൊട്ടിഅടക്കുവാന്‍ നോക്കുന്ന ചില തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ ഭീഷണി ഒഴിച്ചാല്‍ അനേകം ആളുകളുടെ പിന്തുണയോടെ ശുശൂഷ മുന്നോട്ട് പോകുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നു സിസ്റ്റര്‍ എൽസി.


Related Articles »