News - 2024
ചൈനീസ് വൈദികനെ കാണാതായിട്ട് എട്ടുമാസം; സർക്കാർ ഇടപെടലിൽ ദുരൂഹത
സ്വന്തം ലേഖകന്‍ 07-09-2018 - Friday
ബെയ്‌ജിംഗ്: ചൈനയിലെ ജിയാങ്ങ് പ്രവിശ്യയില്‍ നിന്നും സര്‍ക്കാര്‍ അധികൃതര്‍ കൂട്ടിക്കൊണ്ടു പോയ വൈദികനെ കാണാതായിട്ട് എട്ടു മാസം പിന്നിട്ടു. ഫാ. ലു ഡാന്‍ഹ്വാ എന്ന വൈദികനെയാണ് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത്. 2016 ഡിസംബര്‍ 14-ന് വെന്‍സൌവിലെ മെത്രാനായ പീറ്റര്‍ ഷാവോ ഷുമിനില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ച ഫാ. ലു വിനെ ക്വിങ്ങ്ടിയാന്‍ റിലീജിയസ് അഫയേഴ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഡിസംബര്‍ 29-ന് ക്വിങ്ങ്ടിയാന്‍ കത്തോലിക്കാ ദേവാലയത്തിന്റെ ഡോര്‍മിട്ടോറിയില്‍ നിന്നും കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല.
വെന്‍സൗവിനു സമീപമുള്ള ലിഷൂയി രൂപതയിലെ ഏക പുരോഹിതനായ ഫാ. ലു വിനെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ അദ്ദേഹത്തോട് വിശദമായി സംസാരിക്കുവാനാണെന്നാണ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പക്ഷേ പിന്നീട് അദ്ദേഹം തിരികെ വരികയോ, അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍ തടസം നേരിടുകയുമായിരിന്നു. ഫാ. ലു പുതിയ മത ചട്ടങ്ങള്‍ പഠിക്കുവാന്‍ വെന്‍സൗവില്‍ പോയിരിക്കുകയാണെന്നും,നിയമപരമായ രജിസ്ട്രേഷനു ശേഷം അദ്ദേഹം തിരികെ വരുമെന്നുമാണ് പിന്നീട് ബ്യൂറോ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.
ക്വിങ്ങ്ടിയാന്‍, ലെയിഷി, ഡാലു, വാന്‍ഷാന്‍,ജിങ്ങ്നിങ്ങ് എന്നീ രൂപതകളില്‍ തീക്ഷ്ണതയോടെ സേവനം ചെയ്തുവരികയായിരുന്നു ഫാ. ലു. പാവങ്ങളേയും, ദുര്‍ബ്ബലരേയും സേവിക്കുവാന്‍ വൈദികന്‍ സദാ സന്നദ്ധനായിരിന്നുവെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു. ബിഷപ്പ് പീറ്റര്‍ ഷാവോയെ സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തടവിലാക്കിയെങ്കിലും വിശ്വാസികളുടെ പ്രാര്‍ത്ഥനയുടേയും പ്രതിഷേധത്തിന്റേയും ഫലമായി കഴിഞ്ഞ ജനുവരി മാസം അദ്ദേഹത്തെ വിട്ടയച്ചു.
ക്രൈസ്തവ വിശ്വാസത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിന് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ലോകമനസാക്ഷിയെ ഞെട്ടിക്കും വിധത്തിലുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങളും, പീഡനങ്ങളുമാണ് ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പുരോഹിതര്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ തടവിലാക്കപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഫാ. ലുവിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി കരുണ കൊന്ത ചൊല്ലണമെന്നും, ഉപവസിക്കണമെന്നും മെത്രാനായ പീറ്റര്‍ ഷാവോ ഷുമിന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിന്നു.