News - 2025
സിറിയയില്‍ നിന്നും ക്രിസ്ത്യാനികളെ ഒഴിപ്പിക്കുവാന്‍ ശ്രമം: വെളിപ്പെടുത്തലുമായി ആര്‍ച്ച് ബിഷപ്പ് ബെഹ്നാന്‍
സ്വന്തം ലേഖകന്‍ 08-09-2018 - Saturday
ബാഗ്ദാദ്: വടക്ക്- കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദിഷ് അധികാരികള്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും പുറത്താക്കുവാന്‍ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി സിറിയയിലെ മുതിര്‍ന്ന സഭാദ്ധ്യക്ഷനും ഹസാക്കെ-നിസിബിയിലെ മെത്രാപ്പോലീത്തയുമായ ജാക്വസ് ബെഹ്നാന്‍ ഹിന്‍ഡോ രംഗത്ത്. കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’നു നല്‍കിയ അഭിമുഖത്തിലൂടെയാണ് ക്രിസ്ത്യാനികളെ പുറത്താക്കുവാനുള്ള കുര്‍ദ്ദിഷ് അധികാരികളുടെ നിഗൂഢപദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
വടക്കന്‍ സിറിയിലെ സ്വയംഭരണാവകാശമുള്ള പ്രാദേശിക ഭരണകൂടമായ ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് നോര്‍ത്തേണ്‍ സിറിയ (DFNS) ക്രിസ്ത്യാനികളോട് വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് മെത്രാപ്പോലീത്ത ആരോപിച്ചു. പുതിയ കുര്‍ദ്ദിഷ് പാഠ്യപദ്ധതിയുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് 85 വര്‍ഷം പഴക്കമുള്ള സ്ഥാപനമുള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
പുതിയ പാഠ്യപദ്ധതി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമാണ് ബാധകമെന്ന് ആദ്യം അവര്‍ പറഞ്ഞുവെങ്കിലും പിന്നീട് സഭയുടെ കീഴിലുള്ള സ്വകാര്യ സ്കൂളുകളെ ലക്ഷ്യംവെക്കുകയായിരിന്നു. നിരവധി സ്കൂളുകള്‍ അടപ്പിക്കുകയും ചെയ്തു. സിറിയന്‍ ഭാഷ പഠിപ്പിക്കുവാനോ ചരിത്രം പഠിപ്പിക്കുവാനോ അവര്‍ സമ്മതിക്കുന്നില്ല. വളച്ചൊടിച്ചിട്ടുള്ള സ്വന്തം ചരിത്രം കുട്ടികളുടെ തലയില്‍ കുത്തിവെക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. പാശ്ചാത്യ ലോകത്തിന് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുവാന്‍ കഴിയുകയില്ലെന്നും, സിറിയയിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തെ രക്ഷിക്കുവാന്‍ പാശ്ചാത്യ ലോകം മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2015-ല്‍ കുര്‍ദ്ദിഷ് മിലീഷ്യ (YPG) തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ക്രിസ്ത്യാനികളെ അവരുടെ ഭവനങ്ങളില്‍ നിന്നും പുറത്താക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ക്വാമിഷ്ലി, അല്‍-ദര്‍ബാസിയാ, അല്‍-മലീകിയാ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകളാണ് അടപ്പിച്ചിട്ടുള്ളത്. ഹസാക്കെയിലെ ബാക്കിയുള്ള ക്രിസ്ത്യന്‍ സ്കൂളുകളും സ്ഥാപനങ്ങളും അധികാരികള്‍ അടപ്പിക്കുമോ എന്ന ആശങ്കയിലാണ് മെത്രാപ്പോലീത്ത.