News - 2024
മാർപാപ്പ അടുത്ത വർഷം ജപ്പാൻ സന്ദർശിച്ചേക്കും
സ്വന്തം ലേഖകന്‍ 15-09-2018 - Saturday
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ അടുത്ത വര്‍ഷം ജപ്പാൻ സന്ദർശിച്ചേക്കും. കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ടെൻഷോ കെനോഹോ ഷിസേത്സു കെൻഷോകൈ എന്ന സാമൂഹിക സംഘടനയിലെ അംഗങ്ങളുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അടുത്ത വര്‍ഷം ജപ്പാന്‍ സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായും തന്റെ ആഗ്രഹം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാപ്പ പറഞ്ഞു. സമ്മേളനത്തില്‍ 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനില്‍ നിന്നുള്ള പ്രതിനിധി സംഘം ആദ്യമായി വത്തിക്കാനില്‍ എത്തിയ സംഭവം പാപ്പ സ്മരിച്ചു.
1556 ൽ നാല് ജപ്പാൻ യുവാക്കന്മാർ ജെസ്യൂട്ട് മിഷ്ണറിമാരൊപ്പം അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിമൂന്നാൻ മാർപാപ്പയെ സന്ദർശിക്കുകയുണ്ടായി. ജപ്പാനിലെ സംഘം ആദ്യമായി നടത്തിയ യൂറോപ്യൻ സന്ദർശനം എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ കൂടിക്കാഴ്ചയായിരുന്നു അത്. രണ്ടു സംസ്കാരങ്ങളുടെയും ആത്മീയ പാരമ്പര്യങ്ങളുടേയും സംഗമവും ഒത്തുചേരലിനും വഴിയൊരുക്കിയ അന്നത്തെ സന്ദർശനത്തിന്റെ അനുസ്മരണമാണ് ടെൻഷോ കെനോഹോ സംഘടനയുടെ വരവെന്നു പാപ്പ സ്മരിച്ചു.
സൗഹൃദത്തിന്റെയും മാനുഷിക ക്രൈസ്തവ മൂല്യങ്ങളുടേയും പ്രതിനിധികളായി തീർന്ന നാല് യുവാക്കളിലെ മാൻസിയോ ഇറ്റോ വൈദികനാകുകയും ജൂലിയൻ നകുറ നാഗസാക്കിയിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. യുവജനങ്ങളെയും അനാഥരെയും പരിശീലിപ്പിക്കുന്ന ടെൻഷോ കെനോഹോ ഷിസേത്സു കെൻഷോകൈ സംഘടനയുടെ പദ്ധതി ശ്ലാഘനീയമാണ്. ജപ്പാനില്‍ ക്രിസ്ത്യന്‍ മാനുഷിക മൂല്യങ്ങളുടെ വക്താക്കളാകുവാന്‍ പ്രതിനിധികളെ ക്ഷണിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിച്ചത്.