News - 2024
മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്കായി അന്താരാഷ്ട്ര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 17-09-2018 - Monday
വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് വേണ്ടി ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. സിറിയയിലും, അയല്‍രാജ്യങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുവാനായി വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹുമന്‍ ഡെവലപ്മെന്റ് സര്‍വീസ് ഈ ആഴ്ച സംഘടിപ്പിച്ച പ്രതിനിധി യോഗത്തില്‍ മധ്യപൂര്‍വ്വേഷ്യന്‍ ജനതയുടെ തിരിച്ചുവരവിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് പാപ്പ അഭ്യര്‍ത്ഥിച്ചത്. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദി സ്റ്റേറ്റിന്റേയും, കോണ്‍ഗ്രിഗേഷന്‍ ഓഫ് ഓറിയന്റല്‍ സഭകളുടേയും സഹകരണത്തോടെയാണ് യോഗം സംഘടിപ്പിച്ചത്.
നിനവേയിലെ ക്രൈസ്തവരുടെ തിരിച്ചുവരവിന് സഭ നല്‍കിയ സഹായത്തെക്കുറിച്ചും, സിറിയയിലെ സഭ നല്‍കിയ മെഡിക്കല്‍ സഹായങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഓപ്പണ്‍ ഹോസ്പിറ്റല്‍ പദ്ധതിയെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചു. വേദനയോടു കൂടി സ്വന്തം നാടും രാജ്യവും ഉപേക്ഷിക്കേണ്ടി വന്നതിനു നേര്‍ക്ക് കണ്ണടച്ചിരിക്കുവാന്‍ നമുക്ക കഴിയുകയില്ല. അവരുടെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടി അന്താരാഷ്ട്ര സമൂഹം സഹായിക്കണം, അവരുടെ സുരക്ഷിതമായ ഭാവി നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. പാപ്പാ പറഞ്ഞു.
അഭയാര്‍ത്ഥികളെ സഹായിച്ച രാഷ്ട്രങ്ങള്‍ക്കും, അന്താരാഷ്ട്ര സംഘടനകള്‍ക്കും പാപ്പാ നന്ദി അറിയിക്കുകയുണ്ടായി. വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണും, യു.എന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യൂജി ഫിലിപ്പോ ഗ്രാണ്ടിക്കും പാപ്പ നന്ദി അറിയിച്ചു. പ്രാദേശിക സഭകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമേ അപ്പസ്തോലിക ന്യൂണ്‍ഷ്യോമാര്‍, കത്തോലിക്കാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, അന്‍പതോളം സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.