News - 2024

‘റോസറി ഓണ്‍ ദി കോസ്റ്റ്’; ജപമാല വിപ്ലവം വീണ്ടും ആവര്‍ത്തിക്കുവാന്‍ ഐറിഷ് ജനത

സ്വന്തം ലേഖകന്‍ 02-10-2018 - Tuesday

ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷത്തെ ജപമാല കൂട്ടായ്മയുടെ വിജയ മാതൃക പിന്തുടര്‍ന്നു ഈ വര്‍ഷവും ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തോടനുബന്ധിച്ച് വന്‍ ജപമാല കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ഐറിഷ് ജനത ഒരുങ്ങുന്നു. ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ തന്നെയാണ് ഒക്ടോബര്‍ 7 ഞായറാഴ്ച ഇത്തവണയും ജപമാല യത്നം സംഘടിപ്പിക്കുന്നത്. ‘വിശ്വാസത്തിനും ജീവിതത്തിനും ജപമാല’ എന്ന ലക്ഷ്യത്തോടെ ആയിരകണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് രാജ്യത്തിന്റെ വിവിധ തീരദേശ മേഖലകള്‍, അതിര്‍ത്തികള്‍, പുണ്യസ്ഥലങ്ങള്‍ തുടങ്ങിയ നൂറിലധികം കേന്ദ്രങ്ങളില്‍ ഒന്നിക്കും.

ബെല്‍ഫാസ്റ്റിലെ ടൈറ്റാനിക്ക് ക്വാര്‍ട്ടറിലെ വാട്ടേഴ്സ് എഡ്ജ്, ബാല്ലികാസ്സില്‍, കൊ ആന്‍ട്രിം, ലഫ് നീ തീരം, കൊ ഡൌണിലെ വാറന്‍ പോയിന്റ് മരീന, ഇനിഷോവെനിലെ ലിസ്ഫാന്നോന്‍, കൊ ഡൊനേഗാല്‍ തുടങ്ങിയവ ജപമാല കൂട്ടായ്മ നടക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. മുറിവേറ്റ രാഷ്ട്രങ്ങളുടെ സൗഖ്യത്തിനും, അവയെ വിശുദ്ധിയിലേക്ക് തിരികെ കൊണ്ടുവരുവാനും പരിശുദ്ധ ജപമാല രാജ്ഞിയുടെ ശക്തമായ മാധ്യസ്ഥം വഴി ഒരുമിച്ച് ദൈവത്തെ വിളിച്ചപേക്ഷിക്കുകയാണെന്നു സംഘാടകര്‍ പറഞ്ഞു.

'ക്രിസ്ത്യാനികളുടെ ഒരു വലിയ കൂട്ടായ്മ' എന്നാണ് എല്‍ഫിന്‍ രൂപതയുടെ മെത്രാന്‍ കെവിന്‍ ഡോരാന്‍ ജപമാല കൂട്ടായ്മയെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘റോസറി ഓണ്‍ ദി കോസ്റ്റ്’ ഒരു പ്രകടനമല്ല മറിച്ച്, ഒരു സമൂഹമെന്ന നിലയില്‍ ദൈവ വിശ്വാസത്തിന്റേയും, പരിശുദ്ധ ദൈവമാതാവിലുള്ള വിശ്വാസത്തിന്റേയും പ്രകടനമാണിതെന്നും മെത്രാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നടത്തിയ ജപമാലയത്നത്തില്‍ പ്രതീക്ഷിച്ചതിലും പതിമടങ്ങ് ആളുകളാണ് എത്തിയത്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


Related Articles »