News

പ്രതിസന്ധികള്‍ മറികടന്ന് ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തനവുമായി കത്തോലിക്ക സംഘടനകള്‍

സ്വന്തം ലേഖകന്‍ 04-10-2018 - Thursday

മനാഡോ: തുടര്‍ച്ചയായ ഭൂചലനങ്ങളും, സുനാമിയും മൂലം ദുരന്തഭൂമിയായി മാറിയ ഇന്തോനേഷ്യയില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് കത്തോലിക്ക സംഘടനകളുടെ രക്ഷാപ്രവര്‍ത്തനവും സഹായവും. കാത്തലിക് റിലീഫ് സര്‍വീസസും (CRS), സ്കോട്ടിഷ് കാത്തലിക് ഇന്റര്‍നാഷ്ണല്‍ എയിഡ് ഫണ്ടും അടിയന്തിര ദുരിതാശ്വാസ നിധിയും, സന്നദ്ധ പ്രവര്‍ത്തകരേയും ഇതിനോടകം തന്നെ രാജ്യത്തു ലഭ്യമാക്കി കഴിഞ്ഞു. അടിയന്തിര ദുരിതാശ്വാസ സഹായമായി 1,15,000 ഡോളര്‍ സംഭാവനയായി നല്‍കുമെന്ന്‍ കാരിത്താസ് ഇറ്റലിയും അറിയിച്ചിട്ടുണ്ട്. തകര്‍ന്ന റോഡുകളും, ആശയ വിനിമയത്തിനുള്ള സൗകര്യമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെങ്കിലും, കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ സജീവമായി തന്നെ രംഗത്തുണ്ട്.

കാത്തലിക് റിലീഫ് സര്‍വീസസിന്റെ (CRS) ഒരു സംഘം ഇതിനോടകം തന്നെ പാലുവില്‍ എത്തിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കത്തോലിക്ക സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ചാരിറ്റി വിഭാഗമായ കാരിത്താസ് അംബ്രോസിയാന സുലവേസിയിലെ ദുരിതാശ്വാസത്തിനായി 34,000 ഡോളറാണ് സംഭാവനയായി നല്‍കുന്നത്. സ്കോട്ടിഷ് കാത്തലിക് ഇന്റര്‍നാഷ്ണല്‍ എയിഡ് ഫണ്ട്, കാരിത്താസ് ഇന്തോനേഷ്യയുമായി സഹകരിച്ച് 25,000-ത്തോളം ഡോളര്‍ ഇതിനോടകം കൈമാറി. സാമ്പത്തിക സഹായത്തിനു പുറമേ പ്രാദേശിക സംഘടനകളുമായി സഹകരിച്ച് ടാര്‍പോളിന്‍, പുതപ്പ്, സാനിട്ടറി സാമഗ്രികള്‍, സ്ലീപിംഗ് മാറ്റുകള്‍ തുടങ്ങിയവയും കത്തോലിക്കാ റിലീഫ് സര്‍വീസ് വിതരണം ചെയ്യുന്നുണ്ട്.

കനത്ത നാശനഷ്ടം നേരിട്ട ചില മേഖലകളില്‍ ദുരിതാശ്വാസമെത്തിക്കുവാന്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടെന്ന് കാത്തലിക് റിലീഫ് സര്‍വീസസിന്റെ ഇന്തോനേഷ്യന്‍ മാനേജരായ യെന്നി സൂര്യാനി പറഞ്ഞു. എയര്‍പോര്‍ട്ട് തകര്‍ന്നിരിക്കുന്നതിനാല്‍ പാലുവിലും, ഡോങ്കാലയിലും എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും, 10-12 മണിക്കൂര്‍ റോഡ്‌ മാര്‍ഗ്ഗം സഞ്ചരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അവിടങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം റിക്ടര്‍ സ്കെയിലില്‍ 6.1 - 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് 20 അടിയോളം ഉയരമുള്ള സുനാമി തിരകള്‍ പാലു ഉള്‍പ്പെടെയുള്ള ഇന്തോനേഷ്യന്‍ തീരപ്രദേശ നഗരങ്ങളെ വിഴുങ്ങിയത്. ഭൂചലനത്തെ തുടര്‍ന്നു വൈദ്യുതി തകരാറും വാര്‍ത്ത വിനിമയ സംവിധാനങ്ങളും തകരാറിലായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരിന്നു. ഏതാണ്ട് ആയിരത്തിനാനൂറിനടുത്ത് ആളുകള്‍ മരണപ്പെടുകയും, പതിനായിരകണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരങ്ങള്‍. ഇതിനിടെ ദുരന്തമുഖത്ത് കത്തോലിക്ക സംഘടനകള്‍ ഇടവേളയില്ലാതെ ശുശ്രൂഷ തുടരുകയാണ്.


Related Articles »