News - 2024

ഇന്തോനേഷ്യയില്‍ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍ 06-10-2018 - Saturday

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ജാംബി സംസ്ഥാനത്തിലെ അലാം ബാരാജോ ജില്ലയിലെ വെസ്റ്റ്‌ കെനാലി ഗ്രാമത്തിലെ മൂന്ന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പോലീസ് അടച്ചു പൂട്ടി. ഇന്തോനേഷ്യ ക്രിസ്റ്റ്യന്‍ ഹുരിയ (ഹുരിയ ക്രിസ്റ്റെന്‍ ഇന്തോനേഷ്യ), ഇന്തോനേഷ്യന്‍ മെത്തഡിസ്റ്റ് ചര്‍ച്ച് (ഗെരെജാ മെത്തഡിസ്റ്റ് ഇന്തോനേഷ്യ), ഗോഡ്സ് അസംബ്ലീസ് ചര്‍ച്ച് (ഗെരെജാ സിഡാങ്ങ് ജമാഅത് അല്ലാ) എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സെപ്റ്റംബര്‍ 27-ന് ജാംബി നഗരത്തിലെ സിവില്‍ സര്‍വീസ് പോലീസ് അടച്ചു മുദ്രവെച്ചത്. സാമുദായിക ജീവിതത്തിനു ഭംഗം വരുത്തുന്നതിനാലും, മതിയായ അനുമതിയില്ലാത്തതിനുമാണ് നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. അതേസമയം സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ ഇസ്ലാമിക് ഡിഫെന്‍സ് ഫ്രണ്ട് എന്ന ഇസ്ലാമിക സംഘടനക്ക് പങ്കുണ്ടോ എന്ന സംശയം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

നടപടിക്കെതിരെ നിയമ സഹായം തേടുമെന്നും, നിയമവിദഗ്ദരടങ്ങുന്ന ഒരു സംഘത്തെ ഇതിനായി നിയമിക്കുമെന്നും ‘ദി കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്തോനേഷ്യ’ (PGI) അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും, പോലീസും, ഇന്തോനേഷ്യയിലെ ഇസ്ലാമിന്റെ തലപ്പത്തുള്ള ഉലെമാ കൗണ്‍സിലും (MUI), റിലീജിയസ് ഹാര്‍മണി ഫോറവും (FKUB) സംയുക്തമായി എടുത്ത തീരുമാനമാണിതെന്നാണ് ജാംബിയിലെ നാഷണല്‍ ആന്‍ഡ്‌ പൊളിറ്റിക്കല്‍ യൂണിറ്റി ഏജന്‍സിയുടെ തലവനായ ലിഫന്‍ പസരിബു പറയുന്നത്. ഇന്തോനേഷ്യയുടെ ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 1,000-ത്തോളം ദേവാലയങ്ങള്‍ ഇത്തരത്തില്‍ നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിയിട്ടുണ്ട്.

പ്രാദേശികാധികാരികള്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി യാതൊരു കാരണവുമില്ലാതെ വൈകിപ്പിക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്യുന്നത് പതിവാണെന്ന് പി‌ജി‌ഐ ജെനറല്‍ സെക്രട്ടറി ഗോമാര്‍ ഗുല്‍ട്ടോം ആരോപിച്ചു. ആയിരകണക്കിന് വിവിധ ആരാധനാലയങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ആരാധനാലയങ്ങള്‍ മാത്രം അടച്ചു പൂട്ടുന്നതെന്തുകൊണ്ടാണെന്നു ഗുല്‍ട്ടോം ചോദിക്കുന്നു.

മറ്റ് മതങ്ങളെ മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനും ഇസ്ലാമിലെ പ്രബോധനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും, മറ്റ് മതങ്ങളെ ശത്രുക്കളെപോലെയാണ് ഇസ്ലാം കാണുന്നതെന്നും, ഇത് സൂചിപ്പിക്കുന്നത് ഇസ്ലാമിന്റെ പ്രബോധനങ്ങളില്‍ ചില കുറവുകളുണ്ടെന്നുമാണ് വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വന്തന്ത്ര ഇസ്ലാമിക സംഘടനയായ ‘നാദലത്തുള്‍ ഉലമ’യുമായി ബന്ധപ്പെട്ട ആന്‍ അന്‍സ്ഹോറിയുടെ പ്രതികരണം.


Related Articles »