News - 2024
ജീവന്റെ ചരിത്രം രചിക്കാന്‍ ഇറ്റലി: മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി
സ്വന്തം ലേഖകന്‍ 03-11-2018 - Saturday
റോം (ഇറ്റലി): കുറഞ്ഞുകൊണ്ടിരിക്കുന്ന ജനന നിരക്ക് തിരികെ പിടിക്കുവാനായി മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ വക കൃഷിഭൂമി നല്‍കുവാന്‍ ഇറ്റാലിയന്‍ ഭരണകൂടം തയാറെടുക്കുന്നു. 2019-നും 2021-നും ഇടയില്‍ മൂന്നാമതൊരു കുട്ടി കൂടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് 20 വര്‍ഷത്തെ കാലാവധിക്ക് കൃഷി ഭൂമി നല്‍കുന്ന പദ്ധതിക്കാണ് ഇറ്റലിയിലെ പോപ്പുലിസ്റ്റ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. അടുത്ത വര്‍ഷത്തെ ബജറ്റിന്റെ കരടുരേഖയില്‍ ‘ലാന്‍ഡ്-ഫോര്‍-ചില്‍ഡ്രന്‍’ എന്നറിയപ്പെടുന്ന ഈ പദ്ധതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്ക് ഉയര്‍ത്തിക്കൊണ്ട് വരിക, നോക്കിനടത്തുവാനോ, വില്‍ക്കുവാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രണ്ടു കാര്യങ്ങളാണ് പദ്ധതികൊണ്ട് ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നത്. ഇറ്റലിയിലെ ഫാമിലീസ് ആന്‍ഡ് ഡിസെബിലിറ്റി വകുപ്പ് മന്ത്രിയും, കത്തോലിക്കനുമായ ലോറന്‍സൊ ഫോണ്ടാനയുടെ പിന്തുണ പദ്ധതിക്കുണ്ട്. വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഫോണ്ടാനോ പറഞ്ഞു.
വിദേശികളായ ദമ്പതികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെങ്കിലും, അവര്‍ ഏറ്റവും ചുരുങ്ങിയത് പത്തുവര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ഇറ്റലി. കഴിഞ്ഞ വര്‍ഷം വെറും 4,64,000 കുഞ്ഞുങ്ങളുടെ ജനനമാണ് ഇറ്റലിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ജനനനിരക്കിലെ കുറവിന്റെ കാര്യത്തില്‍ ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.
രാജ്യത്തെ അഗ്രിക്കള്‍ച്ചറല്‍ കമ്പനികളുടെ അസോസിയേഷനായ കോള്‍ഡൈറെറ്റിയുടെ കണക്ക് പ്രകാരം ഏതാണ്ട് 900 കോടി പൗണ്ട് വിലവരുന്ന പന്ത്രണ്ട് ലക്ഷം ഏക്കറോളം കൃഷിഭൂമി രാജ്യത്തിന് സ്വന്തമായുണ്ട്. ഇവയെ ഫലപ്രദമായി ഉപയോഗിക്കുവാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ക്രിസ്തീയ നിലപാടുകളെ മുറുകെ പിടിക്കുന്ന സെന്റര്‍-റൈറ്റ് പോപ്പുലിസ്റ്റ് പാര്‍ട്ടികളായ ലെഗാ നൊര്‍ഡും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റും അടങ്ങുന്ന സഖ്യക്ഷിയാണ് ഇപ്പോള്‍ ഇറ്റലി ഭരിക്കുന്നത്.