News

ബിഗ് ബാങ് തിയറി ഇനി അറിയപ്പെടുക കത്തോലിക്ക വൈദികന്റെ പേരിൽ; അംഗീകാരവുമായി ആഗോള ശാസ്ത്രജ്ഞര്‍

സ്വന്തം ലേഖകന്‍ 01-11-2018 - Thursday

വിയന്ന: ബിഗ് ബാങ് തിയറി ആദ്യമായി വിശദീകരിച്ച വ്യക്തി എന്ന നിലയിൽ ലോക ശ്രദ്ധയാകര്‍ഷിച്ച കത്തോലിക്കാ വൈദികനും ശാസ്ത്രജ്ഞനുമായ ഫാ. ജോർജസ് ലെമേയ്ടറിന്റെ പേരിൽ ബിഗ് ബാങ് തിയറി പുനർനാമകരണം ചെയ്യുവാന്‍ ശാസ്ത്രജ്ഞരുടെ തീരുമാനം. ഇന്‍റര്‍നാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയനിലെ അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഹബ്ബിൾ നിയമത്തിന്റെ പുനർനാമകരണത്തിന് അംഗീകാരം നൽകിയത്.

യൂണിയന്റെ ഒാസ്ട്രിയയിൽ സമ്മേളിച്ച കൂടിക്കാഴ്ചയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് രേഖപ്പെടുത്തിയവരിൽ എഴുപത്തിയെട്ടു ശതമാനം അംഗങ്ങൾ വൈദികന്റെ പേരില്‍ പുനർനാമകരണം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. ഹബ്ബിള്‍- ലെമേയ്ടര്‍ എന്നാണ് പുതിയ നിയമത്തിന്റെ പേര്. ബിഗ് ബാങ് തിയറിയുടെ ഈ പുനർനാമകരണം ഫാ. ജോര്‍ജസ് ലെമേയ്ടറിന്റെ ശാസ്ത്ര കണ്ടുപിടുത്തത്തിന് കിട്ടിയ വലിയ അംഗീകാരമായാണ് ഏവരും നോക്കി കാണുന്നത്.

ബെൽജിയൻ കത്തോലിക്കാ വൈദികനും, ജ്യോതിശാസ്ത്രജ്ഞനും, ല്യൂവെനിലെ ഭൗതികശാസ്ത്ര പ്രൊഫസ്സറും ആയിരുന്ന ഫാ. ജോര്‍ജസ് ലെമേയ്റ്റർ പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെക്കുകയായിരിന്നു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു.

എഡ്വിന്‍ ഹബിളിന്റെ പേരിൽ ഹബിൾ നിയമം എന്നാണ് ബിഗ് ബാങ് തിയറി അറിയപ്പെട്ടിരുന്നത്. എന്നാൽ ഹബിളിനു മുൻപേ ബിഗ് ബാങിനു ആൽബർട്ട് എെൻസ്റ്റീനിന്റെ ചില ശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഫാ. ജോർജസ് ലെമേയ്ടർ വിശദീകരണം നൽകിയിരുന്നു. ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ഈ കത്തോലിക്ക വൈദികനായിരിന്നു. കത്തോലിക്ക സഭ ശാസ്ത്രത്തിന് എതിരാണെന്ന് പറയുന്നവരുടെ വാദഗതിയെ തള്ളിക്കളയുന്നതാണ് ഈ പുനര്‍നാമകരണം.

More Archives >>

Page 1 of 380