News - 2024
ലോകത്തിന് വേണ്ടിയല്ല, സ്വര്‍ഗ്ഗത്തിന് വേണ്ടി ജീവിക്കുക: വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ പാപ്പ
സ്വന്തം ലേഖകന്‍ 02-11-2018 - Friday
വത്തിക്കാന്‍ സിറ്റി: ഒരു ക്രൈസ്തവ വിശ്വാസി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ ഇഹലോക സുഖങ്ങള്‍ക്ക് വേണ്ടിയാണോ ജീവിക്കുന്നത്, അതോ വിശുദ്ധിയില്‍ ജീവിക്കുകയാണോ ചെയ്യേണ്ടതെന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. സകല വിശുദ്ധരുടേയും തിരുനാള്‍ ദിനമായ ഇന്നലെ നവംബര്‍ 1-ന് ത്രികാലസന്ധ്യ പ്രാര്‍ത്ഥനക്ക് മുന്‍പായി നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. തങ്ങളുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി ജീവിച്ച വിശുദ്ധരെ ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാക്കാവുന്നതാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, എളിമ, കരുണ, വിശുദ്ധി എന്നിവയുള്ളവരെ ഓര്‍ത്ത് വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍ ആഹ്ലാദിക്കുകയാണ്. വിശുദ്ധര്‍ നമ്മെ മനസിലാക്കുന്നു, നമ്മെ സ്നേഹിക്കുന്നു, നമ്മുക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുന്നു. വിശുദ്ധരിലും നമ്മള്‍ കേട്ടിട്ടില്ലാത്തവരും അറിഞ്ഞിട്ടില്ലാത്തവരുമായവര്‍ ഉണ്ടാകാം. എന്നിരുന്നാലും അവര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ കൂടെയാണ്. അവര്‍ ഒരു കുടുംബമായി ഇപ്പോള്‍ ആഘോഷിക്കുകയാണ്. സമ്പന്നരേയും, ഉന്നതരേയും ഈ ലോകം അനുഗ്രഹീതര്‍ എന്ന് വിളിച്ചപ്പോള്‍, ആത്മാവില്‍ ദരിദ്രരായവരേയും, എളിമയുള്ളവരേയുമാണ് അനുഗ്രഹീതരായി വിശുദ്ധര്‍ കണ്ടത്. ലോകത്തിന്റെ രീതികള്‍ക്കെതിരായി സുവിശേഷം അനുസരിച്ച് ജീവിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ബുദ്ധിമുട്ട് സഹിച്ചവരാണ് വിശുദ്ധര്‍.
വെളിപാട് പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ വായനയില്‍ പറഞ്ഞിരിക്കുന്നത് പോലെ വിജയത്തിന്റെ ചിഹ്നമായ ഒലിവിലകളും പിടിച്ചു കൊണ്ടാണ് വിശുദ്ധര്‍ നില്‍ക്കുന്നത്. ആ വിജയം അവര്‍ നേടിയതാണ്. സ്വര്‍ഗ്ഗം നേടുക എന്നത് അസാധാരണമായ ഒരു കാര്യമൊന്നുമല്ല. വിശുദ്ധരുടെ പാത പിന്തുടര്‍ന്ന്‍ ജീവിച്ച് സ്വര്‍ഗ്ഗം നേടുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വീണ്ടും മരിക്കാതിരിക്കുവാനും, ദൈവീക സന്തോഷം അനുഭവിക്കുവാനുമാണ് നമ്മള്‍ ജനിച്ചിരിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധരുടെ പാതയില്‍ സഞ്ചരിക്കുവാന്‍ വിശുദ്ധരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമാതാവ് നമ്മെ സഹായിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.