News - 2024

ഗര്‍ഭഛിദ്രത്തിനെതിരെ മെക്സിക്കോയില്‍ എഴുനൂറോളം സംഘടനകളുടെ പുതിയ കൂട്ടായ്മ

സ്വന്തം ലേഖകന്‍ 10-11-2018 - Saturday

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഗര്‍ഭഛിദ്രവും, ദയാവധവും, കഞ്ചാവും നിയമപരമാക്കുന്നതിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍ നടത്തുന്ന നീക്കത്തിനെതിരെ പോരാടുവാന്‍ എഴുനൂറോളം സംഘടനകളുടെ പുതിയ കൂട്ടായ്മ രൂപീകരിച്ചു. ‘സുമാ ഡെ ആക്ടോറെസ് സോഷ്യാലെ’ (യുണൈറ്റഡ് സോഷ്യല്‍ ആക്ടേഴ്സ്) (SUMAS) എന്ന പേരിലാണ് വിശാല സംഘടനാ കൂട്ടായ്മ രൂപം കൊണ്ടത്. ഇക്കഴിഞ്ഞ നവംബര്‍ 6-ന് മെക്സിക്കോ സിറ്റിയില്‍ നിലവില്‍ വന്ന കൂട്ടായ്മയില്‍ രാജ്യത്തുടനീളമുള്ള എഴുനൂറോളം പ്രോലൈഫ് സംഘടനകള്‍ ഭാഗമാണ്.

പുതിയ ഇന്റീരിയര്‍ സെക്രട്ടറിയായി ഒബ്രാഡോര്‍ നാമനിര്‍ദ്ദേശം ചെയ്ത ഓള്‍ഗാ സാഞ്ചെസ് കോര്‍ഡെറോ വരും മാസങ്ങളില്‍ അബോര്‍ഷന്‍, ദയാവധം തുടങ്ങിയവ നിയമവിധേയമാക്കുമെന്ന സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപം കൊണ്ടിരിക്കുന്നത്. വിവിധ മതപാശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് സംഘടനയിലെ അംഗങ്ങള്‍. സമാനമായ ചിന്താഗതിയുള്ളിടത്തോളം കാലം ആര്‍ക്ക് വേണമെങ്കിലും തങ്ങളുടെ സംഘടനയില്‍ ചേരാമെന്ന് സമിതിയുടെ നേതൃത്വം വ്യക്തമാക്കി. ജീവനും, കുടുംബത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുവാന്‍ താല്‍പര്യമുള്ള പരമാവധി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ട് വരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സുമാസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും, മെക്സിക്കന്‍ കൗണ്‍സില്‍ ഫോര്‍ ഫാമിലിയുടെ പ്രസിഡന്റുമായ ജുവാന്‍ ദാബ്ദൌബ് ഗിയാക്കോമന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 53% വോട്ടോടെയാണ് ലോപ്പസ് ഒബ്രാഡോര്‍ പ്രതിനിധാനം ചെയ്യുന്ന മൊറേന പാര്‍ട്ടി വിജയിച്ചത്. ഡിസംബര്‍ 1-നാണ് ഒബ്രാഡോര്‍ പ്രസിഡന്റ് ആയി ചുമതല ഏല്‍ക്കുന്നത്. പുതിയ നിയമനിര്‍മ്മാതാക്കള്‍ സെപ്റ്റംബര്‍ 1-ന് തന്നെ ചുമതലയേറ്റിരുന്നു. പാര്‍ട്ടി അംഗങ്ങളും, അനുകൂലികളും മാത്രമാണ് അബോര്‍ഷന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഒബ്രാഡോര്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്നും 'സുമാസ്' ആവശ്യപ്പെടുന്നു. ഗര്‍ഭഛിദ്രത്തിനും ദയാവധത്തിനും എതിരെ ശക്തമായി പ്രതികരിക്കുവാന്‍ തന്നെയാണ് ‘സുമാ ഡെ ആക്ടോറെസ് സോഷ്യാലെ’യുടെ തീരുമാനം.

More Archives >>

Page 1 of 384