India - 2024

സിബിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ

സ്വന്തം ലേഖകന്‍ 09-03-2016 - Wednesday

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവില്‍ നടന്നുവരുന്ന സിബിസിഐയുടെ മുപ്പത്തിരണ്ടാമതു പ്ളീനറി അസംബ്ളി സമ്മേളനത്തിന്റെ ഏഴാം ദിവസമായ ഇന്നലെയാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഥമ വൈസ് പ്രസിഡന്റായും ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ ദ്വിതീയ വൈസ് പ്രസിഡന്റായും തുടരും. റാഞ്ചി അതിരൂപത സഹായമെത്രാന്‍ ഡോ. തിയോഡോര്‍ മസ്കരാനസ് ആണു പുതിയ സെക്രട്ടറി ജനറല്‍.

സിബിസിഐയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ചെയര്‍മാനായി അഗര്‍ത്തല ബിഷപ് ഡോ. ലൂമെന്‍ മൊണ്െടയ്റോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ മതബോധനത്തിനും ആരാധനക്രമത്തിനുമുള്ള കേന്ദ്രത്തിന്റെ ചെയര്‍മാനായി പൂന ബിഷപ് ഡോ. തോമസ് ദാബ്രെയും അടുത്ത നാലു വര്‍ഷത്തേക്കു തുടരും. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ചെയര്‍മാനായി മദ്രാസ്-മൈലാപ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമിയെ തെരഞ്ഞെടുത്തു.

2001 ഓഗസ്റ് 15ന് മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട മാര്‍ ക്ളീമിസ് ബാവയെ 2007 ഫെബ്രുവരി 10-നാണ് മലങ്കര കത്തോലിക്ക സഭയുടെ രണ്ടാമത്തെ മേജര്‍ആര്‍ച്ച്ബിഷപ്പും കാതോലിക്ക ബാവയുമായി തെരഞ്ഞെടുത്തത്. പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ 2012 നവംബര്‍ 24നു ബാവയെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കോണ്‍ക്ളേവില്‍ മാര്‍ ക്ളീമിസ് ബാവ അംഗമായിരുന്നു. ഇപ്പോള്‍ റോമിലെ പൌരസ്ത്യ തിരുസംഘത്തിലും മതാന്തരസംവാദത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിലും, പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയോദ്ഗ്രഥന സമിതിയിലും അദ്ദേഹം ഇപ്പോൽ അംഗമാണ്.

(കടപ്പാട് : ദീപിക)


Related Articles »