India - 2024

ആലംബഹീനര്‍ക്കിടയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഗവര്‍ണര്‍ പി. സദാശിവം

സ്വന്തം ലേഖകന്‍ 19-11-2018 - Monday

കട്ടപ്പന: ആഗോളതലത്തില്‍ ശ്രദ്ധേയമായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ധനരും ആലംബഹീനരും നിരാശ്രയരുമായ കൂടുതല്‍ ആളുകള്‍ക്ക് താങ്ങും തണലുമാകട്ടെയെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ഭാരതത്തിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റ്‌ലര്‍ സഭയുടെ സുവര്‍ണ ജൂബിലി കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റ്‌ലര്‍ സഭയുടെ ആതുരസേവനങ്ങള്‍ ശ്ലാഘനീയമാണെന്നും സ്‌പെഷലി ഏബിള്‍ഡ് വിഭാഗങ്ങളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും ഉന്നതിക്കുമായി കൂടുതല്‍ കരുതലും പദ്ധതികളും ആവിഷ്‌കരിക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജൂബിലി ദീപം തെളിച്ചുകൊണ്ടായിരുന്നു ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിഷ്യല്‍ ബ്രദര്‍ യാങ്കാ ശര്‍മ ഒഎച്ച് അധ്യക്ഷത വഹിച്ചു. മഹാപ്രളയത്തില്‍ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വീടു വച്ചുനല്‍കുന്നതിന്റെ ആദ്യഗഡുവായുള്ള ഒരു ലക്ഷം രൂപയുടെ ചെക്കും നിര്‍ധനരായ 50 യുവതികളുടെ വിവാഹ സഹായമായി നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്കും ഗവര്‍ണര്‍ ഉപയോക്താക്കള്‍ക്കു കൈമാറി.

കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണവും നടത്തി. ജോയ്‌സ് ജോര്‍ജ് എംപി ആശംസാപ്രസംഗം നടത്തി. സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ബ്രദര്‍ വിന്‍സന്റ് കോച്ചാംകുന്നേല്‍ സ്വാഗതവും ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ആന്റണി പാലമറ്റം നന്ദിയും പറഞ്ഞു. ഗവര്‍ണര്‍ക്കു കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ മനോജ് എം. തോമസ് ഉപഹാരം സമര്‍പ്പിച്ചു.


Related Articles »